
അമേരിക്കയിലും മങ്കിപോക്സ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്തയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിൽ സ്ഥിരീകരിച്ച ഈ രോഗം അമേരിക്കയിലേക്ക് കൂടി വ്യാപിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്.
ശരീരമാകെ ചെറിയ കുമിളകള്‍, പനി, ക്ഷീണം, വേദന, ചൊറിച്ചില്‍, തലവേദന എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ. ആദ്യം മുഖത്ത് പ്രത്യക്ഷപ്പെടുന്ന കുമിളകൾ സ്വകാര്യ ഭാഗങ്ങളിടലക്കം വ്യാപിക്കുന്നു. ജീവന് ഭീഷണിയുള്ള രോഗമല്ല. എന്നിരുന്നാലും ചിക്കൻപോക്സ് പോലെ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന രോഗമായതിനാൽ രോഗികളിൽ നിന്ന് മറ്റുള്ളവർ അകലം പാലിക്കണം.
എയ്ഡ്സ് പോലെ ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്സ് പകരുമെന്നാണ് യുകെയിലെ ചില ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ നാലെണ്ണം സ്വവർഗ്ഗാനുരാഗികളിലോ ബൈസെക്ഷ്വൽ പുരുഷന്മാരിലോ ആണ്. ലൈംഗിക ബന്ധത്തിലൂടെ രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ വിദഗ്ദ്ധർ പറയുന്നത്. എന്നാല്‍ ഇതിനെ സ്ഥിരീകരിക്കാനുള്ള പഠനങ്ങള്‍ ഇനിയും വന്നിട്ടില്ല. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.