
കൂന്തൻകുളം ഗ്രാമ കാഴ്ച
പക്ഷിച്ചിറകടികളും കിളിപ്പാട്ടും കേൾക്കുന്ന ഒരു ഗ്രാമത്തിലേക്കുളള യാത്രയാണിത്. ദക്ഷിണേന്ത്യയിൽ ജലപക്ഷികളുടെ ഏറ്റവും വലിയ പ്രജനനകേന്ദ്രമായ തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിലെ കൂന്തൻകുളമെന്ന അപൂർവ ഗ്രാമം.
ആയിരകണക്കിന് കാതം ആകാശംതാണ്ടി ലോകത്തിന്റെ വിവിധ കോണിൽ നിന്നും കൂന്തൻകുളത്തേക്ക് പറന്നിറങ്ങുന്നത് ലക്ഷകണക്കിന് ദേശാടനപ്പക്ഷികളാണ്. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അവ പറക്കമുറ്റുമ്പോൾ ജന്മദേശത്തേക്ക് ചിലർ പറന്നുപോകുന്നു. മറ്റുളളവർ ഉല്ലാസ പറവകളായി ഇവിടെ കൂടൊരുക്കി ജീവിച്ച് മടങ്ങും. പല രാജ്യങ്ങളിലെയും വേട്ടക്കാരുടെ തോക്കിൻമുനയിൽനിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി താമസിച്ച് കുഞ്ഞുങ്ങളുമായി മടങ്ങുന്നവയാണ് അധികവും.
ഓസ്ട്രേലിയ,റഷ്യയിലെ സൈബീരിയൻ മേഖല,ആർട്ടിക് പ്രദേശം,ജർമനി, ഗ്രീസ്,ഈജിപ്ത്,മംഗോളിയ,പോളണ്ട്,ഫിൻലൻഡ്,യുക്രെയിൻ,റുമേനിയ,തുർക്കി അടക്കമുളള രാജ്യങ്ങളിൽ നിന്നുമാണ് പക്ഷികളെത്തുന്നത്. പെയിന്റഡ് സ്റ്റോർക്്,വൈറ്റ് ബ്രെസ്റ്റഡ് കിംഗ് ഫിഷർ,ഗ്രേറ്റർ ഫ്ളമിംഗോ,ഗ്രേ പെലിക്കൺ,കോമൺ റെഡ്ഷാൻക്, ഗ്രേ ഹെറോൺ,ഗ്രേറ്റ് ഇഗററ്റ്, ഇന്ത്യൻ മൂർഹെൻ, യെല്ലോ വാൾട്ടഡ് ലാപ്വിംഗ്, ലിറ്റിൽ ഇഗററ്റ്, കോമൺ സാൻഡ് പൈപ്പർ, പർപ്പിൾ ഹെറോൺ, യുറേഷ്യൻ സ്പൂൺബിൽ,ബാർഹെഡഡ് ഗൂസ്, ഗ്രേ പ്ലോവർ തുടങ്ങി വിവിധ ഇനങ്ങളിലുളള പക്ഷികളുടെ സുഖവാസകേന്ദ്രമാണിവിടം.
ഒക്ടോബറിൽ കൂന്തൻകുളത്ത് എത്തിത്തുടങ്ങുന്ന പക്ഷികൾ മേയ് അവസാനം വരെ ഗ്രാമത്തിലുണ്ടാകും.ഓരോ വീട്ടിലേക്കും പക്ഷികൾ പറന്നുചെല്ലും. ഗ്രാമവാസികൾക്ക് കൂടപിറപ്പിനെ പോലെയാണ് പക്ഷികൾ.വീട്ടുമുറ്റങ്ങളിൽ വെളുത്ത കാഷ്ഠം നിറയും. രാവും പകലും ശബ്ദകോലാഹലം തന്നെ.ആർക്കും പരാതിയോ പരിഭവമോ ഉണ്ടാകില്ല. ചെടിയും പൂവും കായുമെല്ലാം നശിപ്പിക്കും. കിഴങ്ങുകൾവരെ മാന്തിയെടുക്കും. എന്നാലും പക്ഷികൾ ഗ്രാമവാസികൾക്ക് ഐശ്വര്യത്തിന്റെ സയറൺ മുഴക്കുന്നവരാണ്. പക്ഷികൾ വരാത്ത വർഷം നാടുമുടിയുമെന്നാണ് വിശ്വാസം. പക്ഷികൾ വരാത്ത വർഷം കൂന്തൻകുളത്ത് മഴയുണ്ടാകില്ല. നാട് വരണ്ടുണങ്ങി കൃഷി നശിച്ച് ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് ഈ നാട് പക്ഷികളെ കണ്ണുംനട്ട് കാത്തിരിക്കുന്നത്. പെലിക്കണും ഫ്ളമിംഗോയുമെല്ലാം പറന്നകലുമ്പോൾ ആ ചിറകൊച്ചയിൽ ഗ്രാമത്തിനാകെ സന്തോഷമാണ്.
ദീപാവലിക്കും പൊങ്കലിനും കൂന്തൻകുളത്ത് പടക്കംപൊട്ടിക്കില്ല. ജെല്ലിക്കെട്ടുകാലത്തുപോലും പടക്കം പൊട്ടില്ല. മുട്ടയിട്ട് കുഞ്ഞുങ്ങളുമായിരുക്കുന്ന പക്ഷികൾക്കത് ശല്യമാകും. ഇവിടത്തെ ക്ഷേത്രത്തിൽ മൈക്കില്ല.പള്ളിയിലെ ബാങ്കുവിളിക്ക് തൊട്ടടുത്ത വീടുകളിൽ കേൾക്കാൻമാത്രം ശബ്ദമുളള ചെറിയ സൗണ്ടുളള ബോക്സ് മാത്രമാണുളളത്.കുഞ്ഞുങ്ങൾ ഒച്ചയെടുത്ത് കരഞ്ഞാൽ പോലും അമ്മമാർ ശാസിക്കും.
പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണാൽ പൂച്ചയോ പട്ടിയോ പിടിക്കില്ല. ആരെങ്കിലും എടുത്ത് തിരികെ കൂട്ടിൽ വയ്ക്കും. പക്ഷികൾ ചത്തുപോയാൽ പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടുപിടിക്കും.
വനംവകുപ്പിന്റെ കീഴിലാണ് കൂന്തൻകുളം പക്ഷിസങ്കേതം.1994ലാണ് സർക്കാർ ഈ പക്ഷി ഗ്രാമത്തെ സർക്കാർ സംരക്ഷിത പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. ഗ്രാമത്തിന്റെ ജലസ്രോതസായ തടാകമാണ് പക്ഷികളുടെ പ്രധാന സങ്കേതം.
കളക്കാട് മുണ്ടൻതുറ മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന മണിമുത്താറിലെ വെള്ളമാണ് മണിമുത്താർ ഡാമിലൂടെ കരുമേനികനാൽ വഴി കൂന്തൻകുളത്തേക്ക് എത്തുന്നത്. വേനൽക്കാലത്ത് തടാകത്തിൽ വെള്ളം കുറയുമ്പോൾ സർക്കാർ ഇടപെടും. കിലോമീറ്റർ അകലെ ഡാമിൽനിന്ന് തടാകത്തിൽ വെള്ളമെത്തിക്കും. ദേശാടനക്കാലത്തിനു മുമ്പ് ലക്ഷക്കണക്കിനു മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കും. അവ വളരുമ്പോഴേക്കും പക്ഷിക്കൂട്ടം ഗ്രാമത്തിലെത്തിയിരിക്കും. പക്ഷികളുടെ മടക്കയാത്രയ്ക്ക് ശേഷം അവയുടെ കാഷ്ഠം ശേഖരിച്ച് കാർഷിക വിളകൾക്ക് വളമായി ഉപയോഗിക്കുന്നു. ലോകമാകെയുളള പക്ഷികൾക്ക് കൂന്തൻകുളം എങ്ങനെ അഭയകേന്ദ്രമാകുന്നുവെന്നത് പക്ഷി ശാസ്ത്രജ്ഞർക്ക് ഇന്നും പഠനവിഷയമാണ്.

ബാൽപാണ്ഡ്യൻ
ബാൽപാണ്ഡ്യൻ ദി ബേഡ് മാൻ
കൂന്തൻകുളത്തിന്റെ വിശേഷങ്ങൾ ബാൽപാണ്ഡ്യനെന്ന കൂന്തങ്കുളത്തുകാരനെക്കൂടാതെ അവസാനിക്കില്ല.എട്ടാം ക്ലാസ് മുതൽ പക്ഷികളുടെ കൂട്ടുകാരനായ ഇദ്ദേഹത്തിന് ഇവിടത്തെ പക്ഷികൾ സ്വന്തം മക്കളെപ്പോലെയാണ്. പതിനെട്ടാം വയസിൽ സലിം ആലിയെ കാണാനും അദ്ദേഹത്തോട് ഇടപെടാനും അവസരം കിട്ടിയതോടെ ബാൽ പാണ്ഡ്യൻ പക്ഷികളെ കുറിച്ച് പഠിക്കാനാരംഭിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങളിൽ നിന്നു വീണും മറ്റും പരിക്കേൽക്കുന്ന പക്ഷികളെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്യും. കൂന്തൻകുളത്തെ പക്ഷിസങ്കേതമാക്കിയപ്പോൾ പക്ഷികളുടെ സംരക്ഷകനായ ബാൽപാണ്ഡ്യന് സർക്കാർ അവിടെയൊരു താത്കാലിക ജോലിയും നൽകി. ബാൽ പാണ്ഡ്യനെ കുറിച്ച് പതിനഞ്ച് ഡോക്യുമെന്ററികൾ പുറത്തിറങ്ങിയിട്ടുണ്ട്.അമ്പത്തിയഞ്ചി ലധികം അവാർഡുകളും തേടിയെത്തിയിട്ടുണ്ട്.