
എന്റെ സുഹൃത്തേ,നീ എന്നോട്
എഴുതാൻ ആവശ്യപ്പെട്ടു.
എന്തിനെച്ചൊല്ലി എഴുതേണ്ടു ഞാൻ.
ഇപ്പോൾ...?
ഇവിടെ?
സത്യമോ?
അർദ്ധസത്യമോ?
വെറും കളവോ?
പിന്നിട്ടുപോന്ന സ്വർഗസൗഭാഗ്യ
ശീതളിമയോ?
ജീവന തമോഗർത്ത ഗഹനഗതികളാം
ദീപ്ത വർഷങ്ങളോ?
കാലപ്രവാഹ സമസ്യച്ചുഴിയിൽ
കാലിടറി വീണതോ?
വേർപെട്ടുപോയ പ്രിയ ആത്മാക്കളെച്ചൊല്ലിയോ?
നിരാസപതനങ്ങളാൽ ചിന്നിച്ചിതറിയ
ആത്മരേണുക്കളോ?
ചുമടേന്തി തളർന്നുതാണ്ടിയ
കഠോരകനൽപ്പാതകളോ?
ചുടുപൊള്ളലേറ്റു
വിങ്ങുന്നൊരീ കാൽപ്പാദങ്ങളോ?
ഹൃദയാന്തരങ്ങളിലേറ്റ അഗാധ
മുറിപ്പാടുകളോ?
മധുരപ്പുഞ്ചിരി മായാതെ
കുടിച്ചുതീർത്ത ചവർപ്പുനീരോ?
നിശബ്ദ രോദനങ്ങളും ദുഃസ്വപ്നങ്ങളും
ചൂഴ്ന്ന രാവുകളോ?
പഞ്ചാഗ്നി നടുവിലെ
താപതപസിൻ അന്ത്യത്തിലെ
മൗനം പൊതിഞ്ഞ ഈ
സൗമ്യശമരൂപ പരിത്യാഗമോ?
നിരർത്ഥതയുടെ ഉണർവാലേ
നിർമ്മമത മൂർദ്ധതയാർന്ന്
അസ്തമനത്തിന് മിഴിയൂന്നിയ
ഈ സാന്ധ്യ മുഹൂർത്തങ്ങളോ?
ഒരു കണ്ണുനീർപ്പൂവിന്റെ ആർദ്രം
ഓർമ്മവരികളോ?
ഇനി നീ പറയൂ...
എന്തിനെച്ചൊല്ലി എഴുതേണ്ടു ഞാൻ?