
ജക്കാർത്ത: പാമോയിൽ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കാനൊരുങ്ങി ഇന്തോനേഷ്യ. രാജ്യത്തിന്റെ ആഭ്യന്തര എണ്ണ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടായ പുരോഗതിയാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്തോനേഷ്യയെ എത്തിച്ചത്. വരുന്ന തിങ്കളാഴ്ച മുതൽ കയറ്റുമതി നിരോധനം നീക്കുമെന്നാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരിക്കുന്നത്. ഇതോടെ ആഗോള വിപണിയിൽ പാമോയിലിന്റെ വില കുറയും.
ആഭ്യന്തര വിലക്കയറ്റം പിടിച്ചു നിറുത്താനാണ് കഴിഞ്ഞ മാസം 28 മുതൽ പാമോയിൽ കയറ്റുമതിയ്ക്ക് രാജ്യം വിലക്കേർപ്പെടുത്തിയിരുന്നത്. വിലക്കിന് മുൻപ് ഒരു ലിറ്റർ പാമോയിലിന്റെ വില 19,800 രൂപയായിരുന്നു. കയറ്റുമതിയ്ക്ക് നിന്ത്രണം വന്നതോടെ വില 17,200 മുതൽ 17,600 രൂപ എന്ന നിലയിൽ പിടിച്ചുനിറുത്താൻ സാധിച്ചിരുന്നുവെന്ന് പ്രസിഡന്റ് വിഡോഡോ പറഞ്ഞു.
ആഗോള തലത്തിൽ പാമോയിൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യ തന്നെയാണ് വിതരണത്തിന്റെ 60 ശതമാനവും കയ്യടിക്കിയിരുന്നത്. അതിനാൽ തന്നെ ഇന്തോനേഷ്യയുടെ വിലക്ക് ലോകരാജ്യങ്ങളെയെല്ലാം ബാധിച്ചിരുന്നു. ഇതോടെ എല്ലാ രാജ്യങ്ങളിലും പാമോയിലിന്റെ വില കുതിച്ചുയർന്നു.
റഷ്യ യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഭക്ഷ്യ വിലക്കയറ്റത്തിനിടയിൽ പാമോയിൽ വിലയും കൂടി വർദ്ധിച്ചതോടെ മിക്ക രാജ്യങ്ങളിലെയും സ്ഥിതി വഷളായിരുന്നു. ഈ സാഹചര്യത്തിന് അയവ് വരുത്തുന്നതാണ് ഇപ്പോഴത്തെ ഈ തീരുമാനം.
ചെലവേറിയ സോയാബീൻ, സൺഫ്ലവർ എണ്ണകൾക്ക് ബദലായി ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്നത് വില കുറഞ്ഞ പാമോയിൽ തന്നെയാണ്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി ആശ്രയം ഇറക്കുമതി തന്നെയാണ്.
ആകെ 13 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ ഏകദേശം 80 മുതൽ 85 ലക്ഷം ടൺ പാമോയിലും. പാമോയിൽ ഇറക്കുമതിയിൽ തന്നെ 45 ശതമാനവും വരുന്നത് ഇന്തോനേഷ്യയിൽ നിന്നായിരുന്നു. ബാക്കി എത്തുന്നത് മലേഷ്യയിൽ നിന്നും.
കേക്കുകൾ മുതൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ വരെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നത് പാമോയിലാണ്. ഇതിന്റെ വില കുറയുന്നതോടെ പാമോയിലിനോട് അനുബന്ധിച്ചുള്ള എല്ലാ ഉത്പന്നങ്ങളുടെയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.