
കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞവർഷം (2021-22) ജനുവരി-മാർച്ചിൽ 31 ശതമാനം വളർച്ചയോടെ 89.58 കോടി രൂപ ലാഭംനേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 69.39 കോടി രൂപയായിരുന്നു.
സംയോജിത പ്രവർത്തന വരുമാനം 855.20 കോടി രൂപയിൽ നിന്ന് 23.7 ശതമാനം ഉയർന്ന് 1,058.21 കോടി രൂപയായി. കൺസ്യൂമർ, ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ വില്പനവളർച്ചയാണ് നേട്ടമായതെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു. കഴിഞ്ഞവർഷത്തെ സംയോജിതലാഭം 228.44 കോടി രൂപയാണ്; വർദ്ധന 13.15 ശതമാനം മുൻവർഷം 201.89 കോടി രൂപയായിരുന്നു. പ്രവർത്തനവരുമാനം 2,721.24 കോടി രൂപയിൽ നിന്ന് 28.55 ശതമാനം ഉയർന്ന് 3,498.17 കോടി രൂപയായി.