stocks

കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്ന് പേമാരിയായി പെയ്ത തിരിച്ചടികൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരിസൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് തകർന്നടിഞ്ഞു. സെൻസെക്‌സ് 1,416 പോയിന്റിടിഞ്ഞ് 52,792ലും നിഫ്‌റ്റി 430 പോയിന്റ് നഷ്‌ടത്തോടെ 15,809ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 15,775ലേക്കും സെൻസെക്‌സ് 52,669ലേക്കും ഇടിഞ്ഞിരുന്നു.

ആക്‌‌സിസ് ബാങ്ക്, സൺഫാർമ, എച്ച്.ഡി.എഫ്.സി ബാങ്ക്, എൽ ആൻഡ് ടി., മാരുതി സുസുക്കി, എസ്.ബി.ഐ., റിലയൻസ് ഇൻഡസ്‌ട്രീസ്, കോട്ടക് ബാങ്ക്, ഇൻഫോസിസ്, ടി.സി.എസ് എന്നിവയാണ് സെൻസെക്‌സിന്റെ നഷ്‌ടത്തിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികൾ. ഐ.ടി.സി., ഡോ.റെഡ്ഡീസ്, പവർഗ്രിഡ് എന്നിവ നേട്ടമുണ്ടാക്കി.

₹249.06 ലക്ഷം കോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 6.71 ലക്ഷംകോടി രൂപ ഇടിഞ്ഞു. 255.77 ലക്ഷംകോടി രൂപയിൽ നിന്ന് 249.06 ലക്ഷം കോടി രൂപയിലേക്കാണ് ഇടിവ്.

ഇടിഞ്ഞിടിഞ്ഞ് രൂപ

രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കാഡ് താഴ്ചയിലെത്തി. ഒരു ഡോളറിന് ഇപ്പോൾ 77.72 രൂപ കൊടുക്കണം; ഇന്നലെ നഷ്‌ടം 13 പൈസ.

നോവിച്ച് അമേരിക്കയും

റിസർവ് ബാങ്കും

ഓഹരിവിപണിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ:

1. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് വർദ്ധനയുടെ പാതയിലേക്ക് കടന്ന റിസർവ് ബാങ്കിന്റെ നിലപാട്.

2. പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കൻ കേന്ദ്രബാങ്കിന്റെ തീരുമാനം. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്കിലുണ്ടായ വർദ്ധന.

3. ബാരലിന് വീണ്ടും 110 ഡോളർ കടന്ന് ക്രൂഡോയിൽ വില.

4. രൂപയുടെ മൂല്യത്തകർച്ച.

5. വിദേശ നിക്ഷേപകരുടെ പിന്മാറ്റം. മേയിൽ ഇതുവരെ നഷ്‌ടം 38,000 കോടി രൂപ.