honda-city-hybrid

ന്യൂഡൽഹി: ദിവസവും ഇന്ധനവില കുതിച്ചുയരുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ കൂടുതലും ആഗ്രഹിക്കുന്നത് ഉയർന്ന മൈലേജുള്ള വാഹനങ്ങളാണ്. ഈ ആഗ്രഹം മനസിലാക്കിയിട്ടാകണം ലിറ്ററിന് 26.5 കിലോമീറ്റർ മൈലേജ് എന്ന വാഗ്ദാനവുമായി ഹോണ്ട തങ്ങളുടെ സെഡാൻ മോഡലായ സിറ്റിയുടെ ഏറ്രവും പുതിയ പതിപ്പായ ഹൈബ്രിഡ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്, ന്യൂ സിറ്റി ഇ എച്ച് ഇ വി എന്നാണ് ഹോണ്ട തങ്ങളുടെ പുതിയ മോഡലിന് പേരിട്ടിരിക്കുന്നത്. 19.49 ലക്ഷമാണ് ന്യൂഡൽഹിയിലെ എക്സ്ഷോറൂം വില.

പ്രീമിയം സെഡാൻ ക്ളാസിൽ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് ടെക്നോളജിയുമായി എത്തുന്ന ആദ്യ വാഹനമാണ് ഹോണ്ട സിറ്റി. ഇന്ത്യയിൽ ആദ്യമായിട്ടാണെങ്കിലും വിദേശമാർക്കറ്റിൽ ഈ മോഡൽ ഇതിനോടകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

പ്രധാനമായും മൈലേജ് ഉയർത്തുന്നതിനാണ് നിർമാതാക്കൾ കൂടുതലും പ്രാധാന്യം നൽകിയിരിക്കുന്നതെന്നാണ് കരുതേണ്ടത്. വാഹനത്തിന്റെ ഡിസൈനിലും മറ്റും ഹോണ്ട സിറ്റിയുടെ അഞ്ചാം പതിപ്പിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഹൈബ്രിഡ് പതിപ്പിൽ കണ്ടെത്താൻ സാധിക്കില്ല. സെൽഫ് ചാർജിംഗ് -ഡ്യുവൽ മോട്ടോർ സ്‌ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റമാണ് പുത്തൻ ഹോണ്ട സിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത. ലിറ്ററിന് 26.5 കിലോമീറ്റർ എന്ന മികച്ച മൈലേജ് നൽകുന്നതും ഈ സംവിധാനമാണ്. മികച്ച മൈലേജിന് പുറമേ കുറഞ്ഞ എമീഷൻ നിരക്ക് അന്തരീക്ഷ മലിനീകരണത്തെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്.

ഇ.വി. ഡ്രൈവ് മോഡ്, ഹൈബ്രിഡ് ഡ്രൈവ് മോഡ്, എൻജിൻ ഡ്രൈവ് മോഡ് തുടങ്ങി മൾട്ടി ഡ്രൈവ് മോഡുകളുമായി എത്തിയിട്ടുള്ള സിറ്റി ഹൈബ്രിഡ് മികച്ച സുരക്ഷയും ഉറപ്പ് നൽകുന്നു. ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാർ റേറ്റിംഗിന് തുല്യമായ അംഗീകാരം ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നു.

ഹൈ പെർഫോമെൻസ് ഫ്രണ്ട് ക്യാമറ, വൈഡ് ആംഗിൾ ഫാർ റീച്ചിംഗ് ഡിറ്റക്ഷൻ സംവിധാനമുള്ള അഡ്വാൻസ്ഡ് ഇന്റലിജെന്റ് സേഫ്റ്റി സംവിധാനമായ ഹോണ്ട സെൻസിംഗ് കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ്ങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാച്ചർ മിറ്റിഗേഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം എന്നിവയും ഈ വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത പകരുന്നത്. 126 പി.എസ്. പവറും 253 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ഡ്രൈവ് മോഡുകളിലേക്കും ഓട്ടോമാറ്റിക്കായി മാറാൻ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് കാറുകളിൽ നൽകിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും സിറ്റി ഹൈബ്രിഡിലുണ്ട്.