
തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീതിൽ ഒതുക്കി സർക്കാർ. വനം വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നയപരമായ തീരുമാനങ്ങളിൽ സർക്കാരിനെ അറിയിച്ചുകൊണ്ടായിരിക്കണം ഉത്തരവിറക്കേണ്ടത് എന്നും ബെന്നിച്ചൻ തോമസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പ്തല അന്വേഷണം ഉണ്ടായത്. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്ന ശുപാർശയിലാണ് സസ്‌പെൻഷൻ പിൻവലിച്ചത്
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായിട്ടാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ട് വന്നത്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനംപ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. നാളെ പുതിയ വനംമേധാവിയെ തിരഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകിയത്.