
ന്യൂഡൽഹി: ഹൈദരാബാദിൽ കൂട്ട ബലാത്സംഗ കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടൽ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. 2019 ഡിസംബർ 6നാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും സമിതിശുപാർശ ചെയ്തു.
2019 ൽ 27 കാരിയായ വെറ്റിനറി ഡോക്ടറെയാണ് നാലു പേർ ചേർന്നാണ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം കത്തിച്ചിരുന്നു. സംഭവം വിവാദമായതോടെ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ, ഈ നാലുപേരും ഏറ്റുമുട്ടലിൽ മരിച്ചുവെന്ന വിവരമാണ് പിന്നീട് പൊലീസ് നൽകിയത്. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ആ സമയത്ത് ഏറ്റുമുട്ടലുണ്ടായി എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
എന്നാൽ അതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി അന്വേഷണ സമിതിയെ നിയോഗിച്ചത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതികളിൽ നാലിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.