
കോന്നി : സി.എഫ്.ആർ.ഡി കോളേജിലെ പരിമിതികൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാർക്കായുള്ള ഡോർമെറ്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നുഅദ്ദേഹം. പ്രഖ്യാപിക്കുന്ന പദ്ധതികൾ യഥാർത്ഥ്യമാക്കും. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ സി.എഫ്.ആർ.ഡിക്ക് പ്രത്യേക പരിഗണനയാണ്. ഉത്പന്നങ്ങൾ സമയബന്ധിതമായി പരിശോധിച്ച് ഫലം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. സി.എഫ്.ആർ.ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സപ്ലൈകോ മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി മുഖ്യപ്രഭാഷണം നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ,കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആർ.ദേവകുമാർ, ഗ്രാമ പഞ്ചായത്തംഗം ജിഷ ജയകുമാർ,സി.എഫ്.ആർ.ഡി ഡയറക്ടർ ഇൻചാർജ് ബി. അശോകൻ തുടങ്ങിയവർ സംസാരിച്ചു. സി.എഫ് ആർ.ഡിയിലെ ഉപകരണങ്ങൾ നന്നാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.