ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ആശങ്കയിലായിരിക്കുകയാണ് ലോകം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറച്ചതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. റഷ്യ-യുക്രൈന്‍ യുദ്ധവും ഗോതമ്പിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതോടെ ഉത്കണ്ഠാകുലരായ രാജ്യങ്ങള്‍ നയതന്ത്ര അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. ഇന്ത്യന്‍ ഗോതമ്പിനായുള്ള തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ നിറവേറ്റപ്പെടുമോ എന്നതിനെക്കുറിച്ച് വ്യക്തത തേടി ഒരു ഡസനോളം രാജ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ സൂചന നൽകിയിട്ടുണ്ട്. ഇതിനുപുറമെ 47 ഓളം രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ തേടിയിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളും തങ്ങള്‍ക്കും ധാന്യങ്ങള്‍ ആവശ്യമാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.

wheat-india

കേന്ദ്ര സര്‍ക്കാര്‍ മെയ് 13 ന് എല്ലാ സ്വകാര്യ ഗോതമ്പ് കയറ്റുമതിയും അടിയന്തരമായി നിരോധിച്ചിരുന്നു. ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അസാധാരണമായ ഉഷ്ണതരംഗം മൂലം വിളവ് കുറഞ്ഞിരുന്നു. 2022-23ലെ ഔദ്യോഗിക ഗോതമ്പ് ഉല്‍പ്പാദനം നേരത്തെ കണക്കാക്കിയ 113.5 ദശലക്ഷം ടണ്ണില്‍ നിന്ന് ഇപ്പോള്‍ 105 ദശലക്ഷം ടണ്ണായി കുറച്ചിരിക്കുന്നു. എന്നിരുന്നാലും സാമ്പത്തിക നയതന്ത്രത്തിന്റെ ഭാഗമായി ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ തുറന്നിട്ടു.