ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ്, സര്‍വ്വസന്നാഹങ്ങളോടെും കൂടി ജപ്പാനും തായ്വാനും ഇടയിലെ ഉള്‍ക്കടലില്‍ സൈനികാഭ്യാസം നടത്തിയതായി വാർത്തകൾ പുറത്തുവന്നു. അമേരിക്കയുടെ ചാരക്കണ്ണുകളെ വെട്ടിച്ചുകൊണ്ടായിരുന്നു അഭ്യാസം. എത്രത്താളം വേഗത്തില്‍ തായ്‌വാനെതിരെ ഒരു സൈനിക നീക്കം നടത്താനാവും എന്നതിന്റെ ശക്തമായ സൂചനയാണ് ഇപ്പോഴത്തെ സമുദ്ര സൈനികാഭ്യാസത്തിലൂടെ ചൈന നല്‍കിയിരിക്കുന്നത്. ചൈനീസ് പടക്കപ്പലുകൾ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക്ഷണത്തിലായിരുന്നു. ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ നീക്കങ്ങളോരോന്നും കണ്ണിമ വെട്ടാതെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ഇത്തവണ ജപ്പാന്റെ യായേമ ദ്വീപുകളില്‍ നിന്നും 85 നോട്ടിക്കല്‍ മൈലും തയ്വാനില്‍ നിന്നും 160 നോട്ടിക്കല്‍ മൈല്‍ അകലെയും ആയിട്ടായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ സഞ്ചാരം.

liaoning-china

മേയ് മൂന്നിനും ഒന്‍പതിനും ഇടയില്‍ ചൈനയുടെ ലിയോനിങില്‍ സൈനികാഭ്യാസം നടന്നുവെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി നോബോ കിഷി വ്യക്തമാക്കിയിരുന്നു. ഷെന്‍യാങ് ജെ 15 പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുത്ത മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാനുള്ള അഭ്യാസങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ലിയോനിങ്ങിനൊപ്പം വമ്പന്‍ സൈനിക വ്യൂഹം തന്നെ ചൈന ഒരുക്കിയത് ജാഗ്രതയോടെ വീക്ഷിക്കേണ്ട കാര്യമാണ്. നാന്‍ചാങ് ടൈപ്പ് 055 പടക്കപ്പലുകള്‍, ടൈപ്പ് 052 സി പടക്കപ്പല്‍, മൂന്ന് ടൈപ്പ് 052 ഡി ഡിസ്‌ട്രോയര്‍ പടക്കപ്പലുകള്‍, ടൈപ്പ് 054എ ഫ്രിഗേറ്റ് പടക്കപ്പല്‍, ടൈപ്പ് 901 പടക്കപ്പല്‍ എന്നിവയും ലിയോനിങ്ങിന് അകമ്പടിയായി നീങ്ങിയിരുന്നു. ഇതാദ്യമായാണ് ലിയോനിങ് വിമാന വാഹിനിക്കപ്പലിനെ പടിഞ്ഞാറന്‍ പസിഫിക്കിലോ മിയാക്കോ ഉള്‍ക്കടലിലോ കണ്ടെത്തുന്നത്.