mohanlal

62ാം പിറന്നാളിന്റെ നിറവിലാണ് മോഹൻലാൽ. ഇത്തവണത്തെ പിറന്നാളിന് മനോഹരമായ സമ്മാനം തന്റെ പ്രിയതാരത്തിന് നൽകാനായതിന്റെ സന്തോഷത്തിലാണ് ഖത്തറിലെ പ്രവാസി മലയാളിയായ ശ്രീകുമാർ പത്മനാഭൻ. സർവഗുണങ്ങളും നിറഞ്ഞ വ്യക്തിയെന്ന നിലയിലാണ് മോഹൻലാലിനെ പ്രതീകാത്മകമായി ചിത്രീകരിച്ച് ഗന്ധർവന്റെ ചിത്രം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് ഗന്ധർവന്റെ ചിത്രം മോഹൻലാൽ വരപ്പിച്ച വാർത്ത ശ്രീകുമാറും ശ്രദ്ധിച്ചിരുന്നു. അന്നു മുതൽ മനസിൽ കൂടിയതാണ് എന്നെങ്കിലുമൊരിക്കൽ അതുപോലൊരു ചിത്രം സമ്മാനിക്കണമെന്ന്. 62ാം പിറന്നാൾ ദിനത്തിലാണ് അത് സാധിച്ചതെന്ന് മാത്രം.

mohanlal

70 ദിവസം കൊണ്ടാണ് ശ്രീകുമാർ ഈ ചിത്രം പൂർത്തിയാക്കിയത്. 150x100 ക്യാൻവാസിലാണ് ഓയിൽ പെയിന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതൽ ഓരോ ഘട്ടവും മോഹൻലാലിനെ അറിയിക്കാനും ശ്രീകുമാർ മറന്നില്ല.

കഴിഞ്ഞ ദിവസം ദോഹയിൽ വച്ചു നടന്ന പിറന്നാൾ ആഘോഷത്തിലായിരുന്നു ഗന്ധർവന്റെ പെയിന്റിംഗ് ശ്രീകുമാർ സമ്മാനിച്ചത്. സുചിത്ര മോഹൻലാൽ,​ ആൻ്റണി പെരുമ്പാവൂർ,​ മനോജ് കെ ജയൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.