തിരനോട്ടത്തിലെ കുട്ടപ്പനിൽ നിന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിൽ നിന്ന് മലയാളത്തിലെ മഹാനടനായി മാറിയ ലാലേട്ടന് ഇന്ന് അറുപത്തിരണ്ടിന്റെ ചെറുപ്പം. ലാലേട്ടനെ പറ്റി നിരവധി കാര്യങ്ങൾ നമുക്കറിയാം. എന്നാൽ അത്തരത്തിലുള്ള പതിവ് കാര്യങ്ങളെ പറ്റിയല്ല പറയാൻ പോകുന്നത്. മോഹൻലാലിന്റെ ജീവിതത്തോടടുത്ത് നിൽക്കുന്ന കുറച്ച് പേർ, അവർ ആരൊക്കെയെന്നും അവർക്ക് പറയാനുള്ളത് എന്തൊക്കെയെന്നും നോക്കാം.
പതിനഞ്ച് വർഷത്തിൽ അധികമായി ലാലേട്ടനോടൊപ്പം ഉള്ള വ്യക്തിയാണ് ലിജു കുമാർ. ചോട്ടാ മുംബൈ എന്ന സിനിമ മുതൽ അദ്ദേഹം ലാലേട്ടന്റെ കൂടെയുണ്ട്. തെറ്റുകൾ സമാധാനത്തോടെ പറഞ്ഞു തിരുത്തും, എല്ലാവരെയും പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുള്ളു. പലപ്പോഴും ഒരു ദൈവികത ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. എല്ലാവരെയും വീട്ടിലെ ഒരു അംഗമായിട്ടെ സാർ എന്നും കണ്ടിട്ടുള്ളു. ഇതാണ് ലിജുവിന് ലാലേട്ടനെ പറ്റി പറയാനുള്ളത്.
പലരേയും പോലെ കുട്ടിക്കാലം മുതൽ ലാലേട്ടന്റെ ആരാധകനായിരുന്നു സജീവ്. അങ്ങനെയിരിക്കെയാണ് ലാലേട്ടന്റെ 'ദി കംപ്ളീറ്റ് ആക്‌ടർ' എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ ഒരു മത്സരം നടത്തിയത്. സജീവ് ആയിരുന്നു അതിൽ വിജയിച്ചത്. അത് പറയാൻ വിളിച്ചത് മോഹൻലാൽ തന്നെയായിരുന്നു. തുടർന്ന് സജീവിനെ ലാലേട്ടന്റെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻ ആക്കി അദ്ദേഹം മാറ്റുകയായിരുന്നു.
ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ചും അല്ലാതെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ. മോഹൻലാൽ എന്ന താരത്തോട് മനസും ശരീരവും നിറഞ്ഞ സ്‌നേഹംകൊണ്ട് പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെ ചരിത്രം പറയുകയാണ് വിമൽ കുമാർ.
ലാലേട്ടനെ പറ്റി അധികം ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ കുറച്ച് ശീലങ്ങൾ പങ്കുവയ്ക്കുകയാണ് എംബി സനിൽകുമാർ. എല്ലാവരെയും ഒരുപോലെ കാണുന്ന ബഹുമാനിക്കുന്ന ഒരു കുടുംബമാണ് ലാലേട്ടന്റേത്. പ്രണവിന്റെ ജീവിതം അങ്ങേയറ്റം ലളിതമായതിന് കാരണവും ഇതുതന്നെയാണെന്നാണ് സനിൽ പറയുന്നത്.
