toilet

ലോകത്ത് ഏതെല്ലാം നാടുകളിൽ മനുഷ്യനുണ്ടോ ആ നാടിലെല്ലാം വളരെ വ്യത്യസ്‌തമായ ആചാരങ്ങളുണ്ട്. പഴമയുടെ കൗതുകം തോന്നിക്കുന്ന ആചാരങ്ങൾ മുതൽ മനുഷ്യന് വെല്ലുവിളിയാകുന്നവ വരെ അക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഒരാചാരത്തെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇന്ത്യയുടെ സമുദ്രാതിർത്തി വഴിയുള‌ള അയൽരാജ്യമായ ഇന്തോനേഷ്യയിലാണ് ഇത്തരത്തിൽ വ്യത്യസ്‌തമായ ആചാരമുള‌ളത്.

ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ വടക്കുകിഴക്കൻ ഭാഗത്തുള‌ള തിടോംഗ് ഗോത്രവിഭാഗത്തിലെ നവദമ്പതിമാർ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് ടോയ്‌ലറ്റ് നിഷിദ്ധമാണ്. അമ്പരന്നുപോയോ? സംഭവം സത്യമാണ്. ടോയ്‌ലറ്റും കുളിമുറിയും നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ഉപയോഗിച്ചുകൂട. ആരെങ്കിലും ഈ ആചാരം ലംഘിച്ചാൽ അവരുടെ വിവാഹമോചനം നടക്കാനോ, വന്ധ്യതയ്‌ക്കോ, കുട്ടികളുണ്ടായാൽ അവർ ചെറുപ്രായത്തിൽ തന്നെ മരിക്കാനോ ഇടയാകുമെന്നാണ് തിടോംഗ് വിഭാഗത്തിന്റെ വിശ്വാസം.

ഈ വിശ്വാസം കാരണം വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് വരനും വധുവിനും വളരെ കുറച്ച് ഭക്ഷണവും വെള‌ളവും മാത്രമേ നൽകൂ. മൂന്ന് ദിവസത്തിന് ശേഷം അവർക്ക് കുളിക്കാം. പിന്നീട് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് അനുവാദമുണ്ട്. നവദമ്പതികളിൽ ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടോയെന്ന് ഇവരുടെ ബന്ധുക്കൾ കൃത്യമായി നിരീക്ഷിക്കും. ടോയ്‌ലറ്റിൽ പോകാതെ മൂന്ന് ദിവസം ദമ്പതികൾ പിടിച്ചുനിന്നാൽ അവർക്ക് ദീർഘനാൾ നീണ്ടുനിൽക്കുന്ന മംഗല്യയോഗമുണ്ടാകുമെന്നാണ് ഇവർ കരുതുന്നത്.