monsoon-tourism

തിരുവനന്തപുരം: ഇടവപ്പാതിയിൽ വിനോദസഞ്ചാരത്തിന് ഉണർവേകാൻ പുത്തം പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. കോരിച്ചൊഴിയുന്ന മഴയിൽ നനഞ്ഞും കുളിർന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ മൺസൂൺ ടൂറിസം പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്.

ഉഷ്ണതരംഗം ഉത്തരേന്ത്യയെ വിഴുങ്ങുമ്പോഴാണ് കേരളത്തിന് മഴ അനുഗ്രഹമാകുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി ടൂറിസത്തിലെ മാർക്കറ്റിംഗ് വിഭാഗം വലിയ പ്രചാരണവും നൽകുന്നുണ്ട്. കൊവിഡാനന്തരം മദ്ധ്യപൂർവേഷ്യയിൽ (മിഡിൽ ഈസ്റ്റ്) നിന്നുള്ള സഞ്ചാരികളെയും കേരളം പ്രതീക്ഷിക്കുന്നുണ്ട്. നനഞ്ഞ് കുതിർന്ന വിനോദസഞ്ചാരകേന്ദ്രങ്ങളും തെരുവുകളും ഗ്രാമങ്ങളും കാണാനും റിസോർട്ടുകളിലും ഹോട്ടലുകളിലും തങ്ങി മഴ ആസ്വദിക്കാനുമുള്ള അനുകൂല സാഹചര്യങ്ങളും സംവിധാനങ്ങളും ടൂറിസം വകുപ്പ് സഞ്ചാരികൾക്കായി സജ്ജമാക്കുന്നു.

മഴയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മൺസൂൺ പാക്കേജിന്റെ ഭാഗമാകാം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ സുരക്ഷിതമായി സഞ്ചരിക്കാനും തങ്ങാനും കഴിയുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പാക്കേജുകൾ തയ്യാറാക്കുന്നത്.

ഭക്ഷണമുണ്ട്, താമസവും

പ്രഭാത - ഉച്ചഭക്ഷണം,​ കപ്പപ്പുഴുക്ക്,​ കരിപ്പെട്ടികാപ്പി,​ മുളക് ചമ്മന്തി,​ കർക്കടകക്കിറ്റ്, ഗൈഡിന്റെ സേവനം തുടങ്ങിയവടങ്ങുന്നതാണ് മൺസൂൺ പാക്കേജുകൾ. കർക്കടത്തിൽ ആയുർവേദ ചികിത്സയ്ക്കും തിരുമലിനുമായി സ്വകാര്യ ടൂറിസം സംരംഭകരും ടൂറിസ്റ്റുകൾക്കായി പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

2021ൽ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകൾ

 ആലപ്പുഴ- 3,53,921
 എറണാകുളം-15,87,882
 ഇടുക്കി-9,49,574
 കണ്ണൂ‌ർ-3,46,406

 കാസർകോട്- 1,25,688
 കൊല്ലം-2,09,102
 കോട്ടയം-1,58,922
 കോഴിക്കോട്- 5,67,374
 മലപ്പുറം- 3,42,685
പാലക്കാട്- 2,00,801
 പത്തനംതിട്ട- 95,840
 തിരുവനന്തപുരം- 12,35,570
 തൃശൂർ- 6,59,981
 വയനാട്- 7,03,871

 ആകെ- 75,37,617

 2020ൽ- 49,88,972

'ടൂറിസത്തിൽ സംസ്ഥാനത്തിന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും വിനോദസഞ്ചാര കേന്ദ്രങ്ങൾ വിപുലീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായാണ് മൺസൂൺ ടൂറിസം പരീക്ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുൾപ്പെടെ ധാരാളം പേരെ പദ്ധതി ആകർഷിക്കുമെന്നാണ് പ്രതീക്ഷ'- ടൂറിസം മാർക്കറ്റിംഗ് ജോയിന്റ് ഡയറക്ടർ പറയുന്നു.