
ന്യൂഡൽഹി: സൈന്യത്തിൽ 'ടൂര്‍ ഒഫ് ഡ്യൂട്ടി' വരുന്നു. ഈ മാസം അവസാനം തന്നെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ജവാന്മാരെയും ഓഫീസർമാരെയും ചെറിയ കാലത്തേക്ക് മാത്രം പരിമിതമായ രീതിയിൽ നിയമിക്കുന്നതാണ് 'ടൂര്‍ ഒഫ് ഡ്യൂട്ടി' . ഇപ്പോൾ ജവാന്മാരെ മാത്രം നാലുവർഷത്തേക്കാണ് നിയമിക്കുന്നത്. നിശ്ചിത സമയം കഴിയുമ്പോൾ ഇവരെ ഒഴിവാക്കും. എന്നാൽ മികവ് കാട്ടുന്നവർക്ക് സ്ഥിര നിയമനം ലഭിക്കാനും സാദ്ധ്യതയുണ്ട്. ശമ്പളം, പെൻഷൻ എന്നിവയ്ക്കുവേണ്ടിവരുന്ന ചെലവ് പരമാവധി കുറയ്ക്കുക എന്നാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം കൂടുതൽ ചെറുപ്പക്കാരെ സൈന്യത്തിന്റെ ഭാഗമാക്കാനാവുകയും ചെയ്യും. പുതി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടെന്നോണം അടുത്ത നാലുവർഷത്തേക്ക് സ്ഥിരനിയമനം സൈന്യത്തിലുണ്ടാവില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിട്ടുണ്ട്.
ഇപ്പോൾ കരസേനയിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം 35-36 ആണ്. 'ടൂര്‍ ഓഫ് ഡ്യൂട്ടി' പൂർണമായി നടപ്പാക്കുമ്പോൾ ഇത് 25-26 ആയി കുറയ്ക്കാനാവും. ഇത് സൈന്യത്തിന് കൂടുതൽ യുവത്വത്തിന്റെ മുഖം നൽകും.ശമ്പള, പെൻഷൻ ഇനത്തിൽ വൻ തുക ലാഭിക്കാനാവും എന്നതാണ് മറ്റൊരു പ്രയോജനം. ഇപ്പോഴത്തെ കണക്കനുസരിച്ച് 35-37 പ്രായപരിധിയിൽ ഒരു വർഷം ശരാശരി 60,000 പേരാണ് സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്. ദീർഘകാലമാണ് ഇവർക്ക് പെൻഷൻ നൽകേണ്ടിവരുന്നത്. വൻ തുകയാണ് ഇതിനായി ചെലവാകുന്നത്. 'ടൂര്‍ ഓഫ് ഡ്യൂട്ടി' നടപ്പാക്കുന്നതിലൂടെ ഈ ചെലവ് കുറയ്ക്കാനാവും. ഇങ്ങനെ ലഭിക്കുന്ന പണം സൈന്യത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കാം.