അനന്തഭദ്രം, ഉറുമി പോലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ച സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ആന്റ് ജിൽ'. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. കൗമുദി മൂവീസിനോട് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യരും സംവിധായകൻ സന്തോഷ് ശിവനും.

ഭരതനാട്യം വേഷത്തിൽ ഹരിപ്പാട് മുഴുവൻ മഞ്ജു സ്കൂട്ടറിൽ ചുറ്റിയ കഥയും അത് കണ്ടുനിന്ന പ്രേക്ഷകരുടെ രസകരമായ മുഖഭാവങ്ങളെ പറ്റിയും മഞ്ജു പറയുന്നുണ്ട്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ചിത്രമാണ് 'ജാക്ക് ആന്റ് ജിൽ' എന്നാണ് സംവിധായകൻ സന്തോഷ് ശിവൻ പറയുന്നത്. ചിത്രത്തിൽ പശുവിനെ തൊടാൻ പാടില്ല എന്ന് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്. അതിന്റെ പിന്നിൽ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്ന ചോദ്യത്തിന് ഹാസ്യത്തിനു വേണ്ടി ചെയ്തതാണെന്നും ചിത്രം കാണുമ്പോൾ എന്തിനുവേണ്ടിയാണ് ചെയ്തതെന്ന് മനസിലാകുമെന്നും സംവിധായകൻ പറയുന്നു. അല്ലാതെ അതിന് പിന്നിൽ രാഷ്ട്രീയമൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെ തലയ്ക്കടികിട്ടിയതും, സ്റ്റിച്ചിടേണ്ടിവന്നതുമായ അനുഭവങ്ങളും മഞ്ജുവാര്യ‌ർ പങ്കുവയ്ക്കുന്നുണ്ട്. മാസ് നായികയാകാനാണ് ആഗ്രഹമെന്നും കെജിഎഫിലെ റോക്കി ഭായി എന്ന കഥാപാത്രം കണ്ടപ്പോൾ അത് ചെയ്താൽ കൊള്ളാമെന്ന് തോന്നിയതായും താരം പറയുന്നു.

manju-warrier