യുദ്ധം വരുത്തി വയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. പക്ഷേ ലോകത്ത് യുദ്ധം ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. ഇപ്പോഴും എവിടെയെങ്കിലും യുദ്ധങ്ങള്‍ നടന്നു കൊണ്ടേയിരിക്കും. എന്നാല്‍ ഈ യുദ്ധങ്ങള്‍ സൃഷ്ഠിക്കുന്നത് ഭീകരമായ ഭക്ഷ്യക്ഷാമമാണ്. ഇന്നും ലോകം ഒരു യുദ്ധത്തിന്റെ ഭീതിയിലാണ് . റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്ത് അതിഭീകരമായ ഭക്ഷ്യക്ഷാമമാണ് സൃഷ്ടിക്കുന്നത്. എന്നും യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും നടക്കുന്ന ഈ ലോകത്ത് എന്താണ് റഷ്യന്‍- യുക്രെയിന്‍ യുദ്ധത്തിന്റെ പ്രത്യേകത ? കാരണം ഇതാണ്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍, നേരിട്ടല്ലെങ്കില്‍ പോലും ഒരു ഏറ്റുമുട്ടല്‍ നടക്കുന്നു. അത് മാത്രമല്ല കാരണം ലോകത്തിന്റെ ഭക്ഷ്യധാന്യങ്ങളുടെ കലവറായായ രണ്ടു രാജ്യങ്ങള്‍ തമ്മിലാണ് യുദ്ധം എന്നതാണ് ആഗോളതലത്തില്‍ തന്നെ ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

world-poverty

അതായത് ഈ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകം മുഴുവന്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും. അതുകൊണ്ടുതന്നെയാണ് റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ആഗോളതലത്തില്‍ തന്നെ ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോള്‍ തന്നെ ആഗോള വിശപ്പ് സൂചിക വളരെ ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു തന്നെ കൊടും പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. കോവിഡ് കാലത്തിനു മുന്‍പ് ആഗോള തലത്തില്‍ 135 മില്യണ്‍ ആളുകളാണ് കൊടും പട്ടിണിയില്‍ കഴിഞ്ഞിരുന്നതെങ്കിൽ ഇന്നത് 276 മില്യണ്‍ ആണെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുകയാണ് റഷ്യ-യുക്രെയിന്‍ യുദ്ധം. ലോകത്തില്‍ തന്നെ ഗോതമ്പു പോലുള്ള ഭക്ഷ്യധാന്യങ്ങളും സൂര്യകാന്തി എണ്ണ ഉള്‍പ്പടെയുള്ള പാചക എണ്ണകളും ഏറ്റവും അധികം ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയിനും. അതുപോലെ ആഗോള തലത്തില്‍ തന്നെ ഭക്ഷ്യോദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വളങ്ങള്‍ ഏറ്റവുമധികം ഉദ്പാദിപ്പിക്കുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. റഷ്യയുമായും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളുമായും താന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി എന്നും ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉണ്ടെന്നും സെക്രട്ടറി ജനറല്‍ പറയുന്നു.