assam-


ഗുവാഹത്തി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ അസാമിലും ജില്ലാഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കി.

കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴ് പേരുടെ വീടുകൾ ജില്ലാഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കൈയേറ്റമെന്ന് കാട്ടിയാണ് നടപടി.

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനെ തുടർന്ന് അസാമിലെ നഗോണിൽ കഴിഞ്ഞദിവസം നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ 21 പേരിൽ അഞ്ചുപേരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.

പ്രതികാര നടപടിയല്ലെന്നും അനധികൃത കൈയേറ്റങ്ങളാണ് പൊളിച്ചതെന്നും കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മീൻവില്പനക്കാരനായ സഫീഖുൽ ഇസ്ലാം (39) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ 10,000 രൂപയും ഒരു താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് സഫീഖുലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആറ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

എന്നാൽ കുറ്റവാളികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കെട്ടിടത്തിന് തീയിട്ടു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

സംഭവം നാട്ടുകാരുടെ സ്വാഭാവിക രോഷപ്രകടനമല്ലെന്നും ഒരു സംഘം ക്രിമിനലുകൾ കേസ് രേഖകൾ നശിപ്പിക്കാനായി കുരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.