ഇന്ന് മഴ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരു പേടിയാണ്. എന്നാല്‍ അധികകാലം ആയിട്ടില്ല മലയാളികള്‍ക്ക് ഈ പേടി തുടങ്ങിയിട്ട്. പണ്ടൊക്കെ മഴ കാണാനും ആസ്വദിക്കാനും മലയാളികള്‍ക്ക് ഇഷ്ടമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ലഭിക്കുന്നത് കാലം തെറ്റിയ മഴയാണ് . കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചുവെന്ന് എടുത്തുപറയണമെങ്കിൽ ഉദാഹരണം കൊച്ചി തന്നെ. കൊച്ചിയിൽ കെട്ടികിടക്കുന്ന വെള്ളം പുറത്തേക്കു പോകുന്നില്ല. ആ വെള്ളം നഗരപ്രദേശങ്ങളിൽ നിന്നും പമ്പ് ചെയ്തു പുറത്തേക്കു ഒഴുക്കി വിടേണ്ട ഗതികേടാണിപ്പോൾ അധികൃതർക്ക്. എത്ര നാൾ കൊച്ചി ഇങ്ങനെ പോകും? ഉള്ളതെല്ലാം എടുത്തു കൊണ്ട് കൊച്ചി നഗരം ഒഴിഞ്ഞു കൊടുക്കുക എന്ന് ദിവസങ്ങൾക്കു മുമ്പ് പരിസ്ഥിതി വിദഗ്ധൻ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടതിൽ കാര്യമുണ്ട്.

rain-kerala

കേരളത്തിൽ പുതിയ പല പ്രതിഭാസങ്ങളും വന്നു കൊണ്ടിരിക്കുന്നു. കൂമ്പാരമേഘങ്ങളും മേഘവിസ്‌ഫോടനവും പലതരം അലര്‍ട്ടുകളും കഴിഞ്ഞ കുറച്ചു നാളുകളായി നമ്മള്‍ കേള്‍ക്കുന്ന വാക്കുകള്‍ ആണ്. ഇതെല്ലാം ഇന്ന് മലയാളികള്‍ക്ക് സുപരിചിതമായി. അപ്പോള്‍ എന്താണ് ഈ കാലം തെറ്റിയ മഴയ്ക്കുള്ള കാരണം ? മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പശ്ചിമ തീരത്ത് കൂമ്പാര മേഘങ്ങളുടെ രൂപീകരണം വലിയതോതില്‍ കൂടിയിട്ടുണ്ട്. കട്ടിയേറിയ ഈ മേഘങ്ങള്‍ പലപ്പോഴും കടലിലാണ് പെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവ കരയില്‍ വലിയ തോതില്‍ നാശം വിതച്ചിട്ടില്ല. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ കരയിലേക്ക് പ്രവേശിക്കാറുള്ളൂ. മുന്‍പ് കൊങ്കണ്‍ തീരത്തായിരുന്നു ഇത്തരം മഴ പെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെക്കോട്ടു മാറി കേരളത്തിലേക്കു വരുന്നതായാണ് പഠനങ്ങളില്‍ തെളിഞ്ഞത്. കേരള തീരത്തോടു ചേര്‍ന്നു കിടക്കുന്ന അറബിക്കടല്‍ മറ്റു സമുദ്ര മേഖലകളെ അപേക്ഷിച്ച് അതിവേഗമാണ് ചൂടുപിടിക്കുന്നത്. ഇതാണ് മേഖലയില്‍ ഇത്തരം മേഘങ്ങള്‍ രൂപപ്പെടാനുള്ള പ്രധാനകാരണം. ഈ കൂമ്പാര മേഘങ്ങളെ നാം പേടിക്കേണ്ടതുണ്ടോ ? ഉണ്ട്. കാരണം ഈ കൂമ്പാര മേഘങ്ങള്‍ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നുണ്ട്.