australia

കാൻബെറ : ഓസ്ട്രേലിയൻ ജനതയെ ഒന്നിച്ച് നിറുത്തുമെന്ന ആഹ്വാനവുമായി നിയുക്ത പ്രധാനമന്ത്രി ആന്റണി ആൽബനീസ്. സ്കോട്ട് മോറിസണിന്റെ ലി​ബ​റ​ൽ​ ​-​ ​നാ​ഷ​ണ​ൽ​ ​സ​ഖ്യത്തെ പരാജയപ്പെടുത്തി ഒമ്പത് വർഷങ്ങൾക്ക് ശേഷം രാജ്യത്ത് ​മ​ദ്ധ്യ​ ​-​ ​ഇ​ട​തു​പ​ക്ഷ​ ​ലേ​ബ​ർ​ ​പാ​ർ​ട്ടി​യെ വീണ്ടും അധികാരത്തിലെത്തിച്ച ആൽബനീസ് നാളെ ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

ആൽബനീസിന്റെ ആദ്യ ഔദ്യോഗിക വിദേശ യാത്രയാകും ഇത്. അതേസമയം, ഓസ്ട്രേലിയയുടെ 31ാം പ്രധാനമന്ത്രിയായി ആൽബനീസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് തന്റെ മന്ത്രിസഭയിലെ അംഗങ്ങൾ ചുമതലയേറ്റ ശേഷമാകും ആൽബനീസ് ജപ്പാനിലേക്ക് തിരിക്കുക. വിദേശകാര്യ മന്ത്രിയാകുമെന്ന് കരുതുന്ന പെന്നി വോംഗും ആൽബനീസിനെ അനുഗമിച്ചേക്കും.

ക്വാഡിലെ സംയുക്ത ചർച്ചകൾക്ക് പുറമേ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി നാളെ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുമെന്ന് ആൽബനീസ് വ്യക്തമാക്കി.

പ്രതിരോധ മന്ത്രിയായി റിച്ചാർഡ് മാർലെസ്, ധനമന്ത്രിയായി കാറ്റി ഗലാഘർ, ട്രഷററായി ജിം ചാൽമേഴ്സ് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. 97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ലേ​ബ​ർ​ ​പാ​ർ​ട്ടി​ 151​ ​അംഗ​ ​പാ​ർ​ല​മെ​ന്റി​ലെ​ കേവല ഭൂരിപക്ഷമായ 76 സീറ്റിലെത്തി. സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 54 സീറ്റുകളാണുള്ളത്. പോസ്റ്റൽ വോട്ടെണ്ണൽ ഇന്നലെയും തുടർന്നു. ഇതോടെ ​പാ​ർ​ല​മെ​ന്റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കക്ഷി​യാ​കു​മെ​ന്നുറപ്പിച്ച ലേബർ പാർട്ടിയ്ക്ക് സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയില്ലാതെ തന്നെ സർക്കാർ രൂപീകരിക്കാം.

 ഭക്ഷ്യ സുരക്ഷ ചർച്ചയാകും

യുക്രെയിനിലെ റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ ഉയരുന്ന ഭക്ഷ്യസുരക്ഷാ ആശങ്കകൾ ക്വാഡ് ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. ഗോതമ്പ് കയറ്റുമതിയ്ക്ക് നിരോധനമേർപ്പെടുത്തിയ തീരുമാനം പിൻവലിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുക്രെയിൻ വിഷയവും ക്വാഡിൽ ചർച്ചയാകും. ഇന്ത്യ ഒഴികെയുള്ള ക്വാഡിലെ മൂന്ന് അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരാണ്. അതേ സമയം, ഇന്തോ - പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളും ക്വാഡിൽ ചർച്ചയാകും. ഇന്തോ - പസഫിക് മേഖലയിലെ വെല്ലുവിളികളും സാദ്ധ്യതകളും യോഗം വിലയിരുത്തും. ഇന്തോ - പസഫിക് മേഖലയിൽ ചൈനയുടെ അനധികൃത മത്സ്യബന്ധനമടക്കമുള്ള നീക്കങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹ അധിഷ്ഠിത സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് ഉച്ചകോടിയിൽ രൂപംനൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.

 ബൈഡൻ ജപ്പാനിൽ

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ജപ്പാനിലെത്തി. ടോക്കിയോയിലെ യോക്കോട്ട എയർ ബേസിലെത്തിയ അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെത്തിയ ബൈഡൻ ഇന്നലെ പ്യോംങ്ങ്ടേക്കിലെ യു.എസ് മിലിട്ടറി ബേസ് സന്ദർശിച്ച ശേഷമാണ് ജപ്പാനിലേക്ക് തിരിച്ചത്.