മേയ് 31 ന് 92ാം പിറന്നാൾ ആഘോഷിക്കുന്ന ക്ലിന്റ് ഈസ്റ്റ് വുഡ് തന്റെ അശ്വമേധം അവസാനിപ്പിക്കാൻ തയാറല്ല. പ്രായം രൂപത്തിൽ മാറ്റം വരുത്തിയെങ്കിലും അത് സിനിമയോടുള്ള തന്റെ ആവേശത്തെ ചെറുവിരൽ കൊണ്ട് പോലും തൊടാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

clint-eastwood-

1960കളുടെ തുടക്കം... സ്പഗെറ്റി വെസ്റ്റേൺ സിനിമകളുടെ ഗോഡ്ഫാദർ സെർജിയോ ലിയോണിന്റെ മാജിക്കിൽ വിഖ്യാത ഇറ്റാലിയൻ സംഗീത സംവിധായകൻ എനിയോ മോറികോൺ തീർത്ത മാസ്മരിക പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പാറപോലെ ഉറച്ച ചിരിക്കാത്ത മുഖവും ആറടിയിലേറെ ഉയരവും തീപോലെ തീഷ്ണമായ കണ്ണുകളുമായി ഒരാൾ കടന്നുവരുന്നു... അയാളുടെ കൈയ്യിൽ തോക്കും ചുണ്ടിൽ ചുരുട്ടുമുണ്ട്.

തലയിൽ തൊപ്പിയും ദേഹത്ത് നീണ്ട പുതപ്പുമുണ്ട്. കുതിരപ്പുറത്താണ് സഞ്ചാരം. അധികം സംസാരിക്കില്ല. മെക്സിക്കൻ - അമേരിക്കൻ അതിർത്തിയിൽ നിന്നുള്ള ഒരു പരുക്കൻ കൗബോയ്‌യെ പോലെ തോന്നിക്കുന്ന ആ മനുഷ്യൻ ആക്ഷൻ രംഗങ്ങളിലൂടെ അന്നേവരെ കാണാത്ത ഒരോളം സിനിമാലോകത്ത് സൃഷ്ടിച്ചു. അഞ്ച് ദശാബ്ദങ്ങക്കിപ്പുറം ഇന്നും അയാൾ തന്റെ കുതിരപ്പുറത്ത് പായുകയാണ്. ലോക സിനിമയിൽ കൗബോയ് എന്ന കഥാപാത്രത്തോടൊപ്പം തന്റെ പേരെഴുതിച്ചേർത്ത ആ പ്രതിഭയുടെ പേര് ക്ലിന്റ് ഈസ്റ്റ്‌വുഡ്.ചൊവ്വാഴ്ച ( മേയ് 31 ) 92ാം പിറന്നാൾ ആഘോഷിക്കുന്ന ക്ലിന്റ് തന്റെ അശ്വമേധം അവസാനിപ്പിക്കാൻ തയാറല്ല. പ്രായം തന്റെ രൂപത്തിൽ മാറ്റം വരുത്തിയെങ്കിലും അത് തന്റെ സിനിമയോടുള്ള ആവേശത്തെ ചെറുവിരൽ കൊണ്ട് പോലും തൊടാൻ ക്ലിന്റ് ഇപ്പോഴും അനുവദിച്ചിട്ടില്ല. കരിയറിലുടനീളം ഫിറ്റ്നസിൽ പ്രത്യേക ശ്രദ്ധിച്ചിരുന്ന ക്ലിന്റ് തന്റെ തൊണ്ണൂറുകളിലും കുതിര സവാരിയെന്ന സാഹസത്തിന് മുതിരും.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ' ക്രൈ മാച്ചോ " എന്ന ചിത്രം തന്നെ ഉദാഹരണം. ക്ലിന്റ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. അതെ, സംവിധായകന്റെയും നായകന്റെയും ഇരട്ട റോൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒരാളെന്ന് പറയാം. സിനിമയിൽ നിന്ന് വിരമിക്കുന്നില്ലേയെന്ന് ചോദിക്കുന്നവരോട് 'തനിക്ക് വിശ്രമിക്കാൻ മനസില്ല " എന്ന് ക്രൈ മാച്ചോയിലൂടെ കൗബോയ് സ്റ്റൈലിൽ ഉറക്കെ വിളിച്ചുപറയുന്നു ക്ലിന്റ്.

1964ലാണ് സെർജിയോ ലിയോണിന്റെ ' ഡോളേഴ്സ് ട്രിലജി"യിലെ ആദ്യ ചിത്രമായ ' എ ഫിസ്റ്റ്‌ഫുൾ ഒഫ് ഡോളേഴ്സ് " പുറത്തിറങ്ങിയത്. ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ, ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലി എന്നിവ പിന്നാലെ. മൂന്നെണ്ണം ധാരാളം. ഈസ്റ്റ്‌വുഡ് ഒരു ലഹരിയായി കത്തിപ്പടർന്നു. സെർജിയോ ലിയോണിന്റെ ഓഫറിന് മുമ്പ് ചെറിയ വേഷങ്ങൾ മാത്രം ലഭിച്ചിരുന്ന ക്ലിന്റ് അതോടെ മൂല്യമേറിയ താരമായി.

ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലിയിലെ ക്ലിന്റും അതിലെ ബ്ലാക്ക്‌ഗ്രൗണ്ട് സ്കോറും ഇന്നും കൾട്ട് ക്ലാസിക്കാണ്. ഡേർട്ടി ഹാരി, എസ്കേപ് ഫ്രം അൽകാട്രസ്, വെയർ ഈഗിൾ ഡെയർ തുടങ്ങിയ നിരവധി ക്രൈം, റൊമാൻസ്, മിസ്റ്ററി, സൈക്കോളജിക്കൽ, കോമഡി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ക്ലിന്റ് ആക്ഷനും അഭിനയവും മാത്രമല്ല, കലാബോധമുള്ള ഒരു സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചു. പ്ലേ മിസ്റ്റി ഫോർ മീ, ദ ഔട്ട്‌ലോ ജോസി വേൽസ്, അൺഫൊർഗീവൻ, ദ ബ്രിഡ്ജസ് ഒഫ് മാഡിസൺ കൗണ്ടി, മില്യൺ ഡോളർ ബേബി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയവും സംവിധാനവും ഒരുമിച്ച്.

എല്ലാം ക്ലാസിക് ചിത്രങ്ങൾ. അൺഫൊർഗീവനും മില്യൺ ഡോളർ ബേബിയും ക്ലിന്റിന് ഒരുപോലെ മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള രണ്ട് ഓസ്കാറുകൾ വീതം നേടിക്കൊടുത്തു. ക്ലിന്റ് സംവിധാനം മാത്രം നിർവഹിച്ച ' മിസ്റ്റിക് റിവർ " നടൻ ഷോൺ പെന്നിന് മികച്ച നടനുള്ള ആദ്യ ഓസ്കാർ നേടിക്കൊടുത്തു. ബ്രാഡ്‌‌ലീ കൂപ്പറിനെ നായകനാക്കിയ ' അമേരിക്കൻ സ്നൈപ്പറും " ടോം ഹാങ്ക്സിനെ കേന്ദ്രകഥാപാത്രമാക്കിയ 'സള്ളി"യും നിരൂപക പ്രശംസ നേടി.

ഒടുവിൽ പുറത്തിറങ്ങിയ ക്രൈ മാച്ചോ അൺഫൊർഗീവൻ 1992 നു ശേഷം ക്ലിന്റ് സംവിധാനം ചെയ്ത ആദ്യ വെസ്റ്റേൺ ചിത്രമാണ്. ചിത്രം കാര്യമായ ഓളം സൃഷ്ടിച്ചില്ലെങ്കിലും 91ാം വയസിൽ ഏവരെയും അത്ഭുതപ്പെടുത്താൻ ക്ലിന്റിനായി. ഇനിയും മറ്റൊരു അൺഫൊർഗീവൻ പ്രിയപ്പെട്ട ക്ലിന്റിൽ നിന്ന് ഇനിയും പിറവിയെടുക്കെട്ടെ.