shoping

തിരുവനന്തപുരം: സ്വന്തം പരസ്യമുള്ള കാരി ബാഗുകൾ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ പണം ഈടാക്കി ഉപഭോക്താക്കൾക്ക് നൽകരുതെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സംസ്ഥാനത്ത് പലയിടങ്ങളിലും നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് രണ്ടുകൊല്ലം മുമ്പ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവുമുണ്ട്. സാധനങ്ങൾ ഇട്ടുനൽകാൻ മൂന്ന് മുതൽ 20 രൂപാവരെയാണ് ഇത്തരം കാരിബാഗുകൾക്ക് ചില സ്ഥാപനങ്ങൾ ഈടാക്കുന്നത്.

ഇവ പണമീടാക്കി നൽകുന്നതിലൂടെ ഉപഭോക്താവിനെ പരസ്യ ഏജന്റാക്കി മാറ്റുകയാണ് സ്ഥാപനങ്ങൾ ചെയ്യുന്നതെന്നും ഇത് 1986ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ദേശീയ കമ്മിഷൻ വിധിച്ചിരുന്നു. പരസ്യമില്ലാത്ത സാധാരണ കാരി ബാഗുകൾക്ക് പണം ഈടാക്കുന്നതിൽ തടസമില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വ്യക്തമാക്കിയിരുന്നു. അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ ഡി.ബി ബിനുവാണ് പരാതി നൽകിയത്.

ബില്ലുകളിലെ മഷി പെട്ടെന്ന് മാഞ്ഞുപോകുന്നതിനാൽ ഇവ തെളിവാക്കി പരാതി നൽകാൻ കഴിയുന്നില്ലെന്ന ആക്ഷേപത്തിലും നിർദ്ദേശം നൽകിയിരുന്നു. ഗുണനിലവാരമുള്ള കടലാസും മഷിയും ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. നിലവിൽ തെർമൽ ട്രാൻസ്‌‌ഫർ പേപ്പറിലാണ് പലയിടത്തും ബില്ലുകൾ തയ്യാറാക്കുന്നത്. ഇതിൽ മഷി പെട്ടെന്ന് മാഞ്ഞുപോകുന്നു. വാറന്റി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകണമെങ്കിലും ബില്ലുകൾ നിർബന്ധമാണ്.