
കൊല്ലം: നീതി ലഭിച്ചെന്ന് വിസ്മയയുടെ കുടുംബം. നിറകണ്ണുകളോടെയാണ് മാതാപിതാക്കൾ വിധി കേട്ടത്. മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മാക്സിമം ശിക്ഷ കിട്ടും. ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല. സർക്കാർ കൂടെയുണ്ടെന്ന് സി എം പറഞ്ഞിരുന്നു. ആ ബലം ആണ് ഇന്നും എനിക്കുള്ളത്. നാളത്തെ വിധി എന്ന് പറയുന്നത് സമൂഹത്തിനുള്ള സന്ദേശമാണ്.' അദ്ദേഹം പറഞ്ഞു.
വിധി കേൾക്കാൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയിരുന്നു. വിസ്മയയുടെ അമ്മ വീട്ടിലിരുന്നാണ് വാർത്തയറിഞ്ഞത്. ഒപ്പം നിന്ന എല്ലാവർക്കും അവർ നന്ദി പറഞ്ഞു. 'പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. എന്റെ മോൾക്ക് സംഭവിച്ചതുപോലെ വേറൊരാൾക്കും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന.'- വിസ്മയയുടെ മാതാവ് പറഞ്ഞു. ഇനിയും നിരവധി തെളിവുകൾ പുറത്തുവരാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഈ വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്‌മയക്കേസിലേത് സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരെയുള്ള വിധിയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു. പ്രോസിക്യൂഷന്‍ ആരോപിച്ച പ്രധാന വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് വിധിയെന്ന് ഡി വൈ എസ് പി പി രാജ്‌കുമാർ പ്രതികരിച്ചു. വിസ്മയ കേസിൽ 304ബി, 306,498 എ വകുപ്പുകൾ പ്രകാരമാണ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സ്ത്രീധനമരണവും ആത്മഹത്യാപ്രേരണക്കുറ്റവും തെളിഞ്ഞു.