
ന്യൂഡൽഹി: ഇന്ധന വില കൂടുന്നതിനെതിരെ തുടരെത്തുടരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും കണ്ട ഭാവം പോലും നടിക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായാണ് വില കുറയ്ക്കാനുള്ള തീരുമാനം എത്തിയത്. സാധാരണക്കാർക്ക് തീരുമാനം അനുഗ്രഹമായെങ്കിലും ഇതിനു പിന്നിലെ ചേതോവികാരം എന്തെന്നറിയാതെ പലരും ആശ്ചര്യപ്പെട്ടു. സാധാരണ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴാണ് ഇന്ധന വില കുറയ്കാൻ സർക്കാർ തയ്യാറാവുന്നത്. എന്നാൽ ഉടനെയൊന്നും തിരഞ്ഞെടുപ്പുമില്ല. എന്തായിരിക്കും എട്ട് രൂപയോളം പെട്രോളിനും ആറ് രൂപയോളം ഡീസലിനും ഒറ്റയടിക്ക് കുറയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?
പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കണം
കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. പണപ്പെരുപ്പവും അതിലൂടെ വിലക്കയറ്റവും നിയന്ത്രിക്കാനായി പലിശനിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിരുന്നു. ഇത് ഫലം കാണില്ലെന്ന ബോദ്ധ്യമാണ് നേരിട്ട് ഇന്ധന നികുതി കുറയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്നതോടെ കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 17 വർഷത്തെ ഉയരമായ 15.08 ശതമാനത്തിലെത്തിയിരുന്നു. തുടർച്ചയായ 13-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്. മാർച്ചിൽ 14.55 ശതമാനമായിരുന്നു. 2021 ഏപ്രിലിൽ 10.74ഉം. പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം, കെമിക്കലുകൾ, ഭക്ഷ്യോത്‌പന്നങ്ങൾ എന്നിവയുടെ വിലക്കയറ്റമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര വികസന വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭക്ഷ്യോത്പന്ന വില മാർച്ചിലെ 8.06 ശതമാനത്തിൽ നിന്ന് 8.35 ശതമാനത്തിലേക്ക് ഉയർന്നു. ഇന്ധന, ഊർജവിലകൾ 34.52ൽ നിന്ന് 38.66 ശതമാനത്തിലെത്തി. നിർമ്മിത ഉത്‌പന്നവിലകൾ 10.71ൽ നിന്ന് 10.85 ശതമാനത്തിലേക്കും. ഗോതമ്പ്, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വൻ വിലവർദ്ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടാനിടയാക്കിയത്.

വരും മാസങ്ങളിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
മൊത്തവില നാണയപ്പെരുപ്പം കഴിഞ്ഞമാസങ്ങളിൽ:
ജനുവരി: 12.96%
ഫെബ്രുവരി : 13.11%
മാർച്ച് : 14.55%
ഏപ്രിൽ: 15.08%
ഉജ്വല പദ്ധതിപ്രകാരം പാചകവാതക കണക്‌ഷൻ ലഭിച്ചവർക്കുള്ള സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വളത്തിന്റെ സബ്സിഡിക്കായി 1.1 ലക്ഷം കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള 1.05 ലക്ഷം കോടിക്ക് പുറമെയാണിത്.
ഭയപ്പെടുത്തി അയൽപക്കങ്ങൾ
അയൽരാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി കേന്ദ്രത്തെ ഭയപ്പെടുത്തുന്നു എന്നത് ഉറപ്പാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ ശ്രീലങ്കയിലെ കലാപങ്ങളും പ്രധാനമന്ത്രിയുടെ പടിയിറക്കവുമൊക്കെ സൂചനകളായി കാണേണ്ടത് തന്നെയാണ്. പാകിസ്ഥാനിലും നേപ്പാളിലും സ്ഥിതി മോശമാവുകയാണ്.
യു.എസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപ തകർന്നിരുന്നു. ഓപ്പൺ മാർക്കറ്റിൽ യു.എസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപ (പി.കെ.ആർ) 200 കടന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ അടിയന്തര സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോളറിനെതിരെ രൂപ തകർന്നതിന് പിന്നാലെ അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കളുടെ ഇറക്കുമതി പാകിസ്ഥാൻ നിരോധിക്കാൻ ഒരുങ്ങിയത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ഗൗരവമായി കാണുന്നുണ്ട്.
വിപണിക്ക് ഉണർവേകണം, ഉത്പാദനം കൂട്ടണം
കടുത്ത വിലക്കയറ്റം മൂലം വിപണി മന്ദഗതിയിലാണ്. ഇന്ധന വില കുറയുന്നതോടെ നിർമാണ മേഖലയിലും വിപണിയിലും ഉണർവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
ഇന്ധന വില കുറയ്ക്കുന്നതിലൂടെ ചരക്കുഗതാഗതത്തിനുള്ള ചെലവ് കുറയ്ക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്നും കേന്ദ്ര സർക്കാർ കരുതുന്നു. ഇന്ധനവില കുറയുന്നതോടെ പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്ന് വിദഗ്ദ്ധരും പ്രതീക്ഷ വയ്ക്കുന്നു.