
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ധനനികുതിയിൽ കുറവുവരുത്തിയിട്ടും നികുതി കുറയ്‌ക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര സർക്കാർ വരുത്തിയ കുറവിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്നു. ആത്മാർത്ഥതയുണ്ടെങ്കിൽ കേരളമടക്കം സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കണം. കേന്ദ്രസർക്കാർ കുറച്ചതിന് ആനുപാതികമായ കുറവാണ് പല സംസ്ഥാനങ്ങളിലുമുളളത്. ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത്.
അതേസമയം ഇന്ധന വിലയിൽ സംസ്ഥാനത്ത് കുറയേണ്ട 93 പൈസയിലെ കുറവ് ഇന്ന് ഇന്ധന കമ്പനികൾ അടിസ്ഥാന വില കൂട്ടിയത് കാരണമാണ് കുറയാത്തതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു. 79 പൈസയാണ് ഇത്തരത്തിൽ വില കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാന സർക്കാർ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ മുൻപ് പറഞ്ഞിരുന്നു. ഇന്ധന നികുതി മൂന്നു രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ടു രൂപ കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽ.ഡി.എഫ് സർക്കാർ കൂട്ടിയിട്ടില്ല. 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നികുതി വർദ്ധിപ്പിച്ചിട്ടില്ല.
നിലവിൽ പിരിച്ചുകൊണ്ടിരിക്കുന്ന സ്‌പെഷ്യൽ സെസ് കേന്ദ്രസർക്കാർ പിരിക്കാൻ പാടില്ലാത്തതാണ്. വളരെ അസാധാരണ സാഹചര്യത്തിൽ മാത്രം പിരിക്കേണ്ട സ്‌പെഷ്യൽ സെസ് ഇനത്തിലാണ് വലിയ തുക പിരിക്കുന്നത്. 30 രൂപ പിരിച്ചുകൊണ്ടിരുന്നത് ഇപ്പോൾ 22 രൂപ ആക്കി എന്നേയുള്ളൂ. പഴയ കണക്കനുസരിച്ചാണെങ്കിൽ ഇനിയും 10 മുതൽ 20 രൂപ വരെ കുറയ്ക്കണം.