
അമൃത്സർ: പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും റെയിൽവെ ട്രാക്കുകളിൽ ടൈംബോംബ് സ്ഫോടനം അടക്കമുള്ള ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ നീക്കമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇന്ത്യയിലുടനീളം ജാഗ്രതാ നിർദ്ദേശമുണ്ട്.
രാജ്യമെമ്പാടും കൽക്കരി ഉൾപ്പെടെയുള്ളവ എത്തിക്കുന്ന ചരക്ക് ട്രെയിനുകളെയും ഉന്നം വച്ചിട്ടുണ്ട്.
ആക്രമണത്തിനായി ഇന്ത്യയിലെ ഭീകരസംഘടനകൾക്ക് വൻതോതിൽ പണമെത്തിച്ചിട്ടുണ്ട്. സ്ലീപ്പർ സെല്ലുകൾക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഐ.എസ്.ഐ ഭീഷണിയെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ ബീഹാറിലെ 11 എസ്.പിമാർക്ക് കത്തെഴുതിയതോടെയാണ് ഇക്കാര്യം പുറത്തായതെന്നാണ് വിവരം.
2021 ജൂലായിൽ, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ റെയിൽവേ ട്രാക്കുകൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു.
ശ്രീനഗറിലും റെഡ് അലെർട്ട്
സുരക്ഷാസേനയ്ക്ക് നേരെ ബോംബാക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സുരക്ഷാസേനയുടെ വാഹനങ്ങൾ ബോംബുകൾ ഉപയോഗിച്ച് തകർക്കാൻ ഭീകരർ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.