
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നീതി തേടി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു, അതിജീവിതയുടെയും പി.സി. ജോർജിന്റെയും കേസിൽ ഒരു സി.പി.എം നേതാവ് ഇടനിലക്കാരനായെന്നും ആളുടെ പേര് പുറത്തുവിടുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിൽ തുടരന്വേഷണം അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് ,സർക്കാർ വ്യക്തമാക്കണം. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ കുറേകാലമായി നടത്തുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതിജീവിതയുടെയും പി.സി ജോർജിന്റെയും കേസിൽ ഇടപെട്ട നേതാവിന്റെ പേര് തെളിവ് സഹിതം യു.ഡി.എഫ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിനെ പോലൊരാൾ എങ്ങോട്ടു പോകുന്നതെന്ന് പോലും അറിയാൻ കഴിയാത്ത സംസ്ഥാനത്തെ ഇന്റലിജന്റ്‌സ് സംവിധാനം മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം നേടാനുള്ള സാവകാശം സർക്കാർ ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നും സതീശൻ ആരോപിച്ചു.