
മുംബയ്: ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ ഈയടുത്ത് ലാൻഡ് റോവറിന്റെ ഡിഫൻഡർ 110യുടെ പുതിയ പതിപ്പ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ അവതരിപ്പിച്ച വി 8 അവതാർ എഡിഷനാണ് സണ്ണി ഡിയോൾ സ്വന്തമാക്കിയത്. എക്സ് ഷോറൂം വില തന്നെ ഏകദേശം 2.08 കോടിക്കടുത്ത വരുന്ന ഈ വാഹനത്തിനുള്ളിലെ സൗകര്യങ്ങളും പ്രത്യേകതകളും നിരവധിയാണ്.
ആധുനിക കാലത്തെ ഓഫ് റോഡ് വാഹനങ്ങളുടെ പ്രായോഗികതയും പുതു തലമുറ എസ്‌യുവികളുടെ ധാർമികതയും ഒരേസമയം നിലനിർത്താൻ സാധിക്കുന്നുവെന്നതാണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രത്യേതകത. ഇന്ത്യയിൽ 80.72 ലക്ഷം എക്സ് ഷോറൂം വിലയ്ക്ക് ലാൻഡ് റോവർ ലഭ്യമാകുമെങ്കിലും സണ്ണി ലിയോൺ സ്വന്തമാക്കിയ വി 8 അവതാർ പതിപ്പിന്റെ ആരംഭ വില തന്നെ 1.8 കോടി രൂപയാണ്.
ഗ്ളോസ് - ബ്ളാക്ക് ഫിനിഷ്ഡ് അലോയ് വീലുകളോട് കൂടിയ വൈറ്റ് ഷേഡാണ് സണ്ണി ഡിയോളിന്റെ വാഹനത്തിന്റെ നിറം. 518 ബിഎച്ച്പി കരുത്തും 625 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 5.0-ലിറ്റർ V8 എൻജിനാണ് ഡിഫൻഡറിന് കരുത്ത് പകരുന്നത്. ആൾ വീൽ ഡ്രൈവ് സംവിധാനവും ആട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ഈ വാഹനത്തിന്റെ ബേസ് മോഡൽ മുതൽ തന്നെ ലഭ്യമാണ്. 5.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന ഡിഫൻഡറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്. അഞ്ച് പേർക്ക് ഇരിക്കാവുന്ന രണ്ട് നിര സീറ്റുകളോടെയാണ് ഡിഫൻഡർ വിപണിയിൽ എത്തുന്നതെങ്കിലും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് മൂന്നാമത്തെ നിരയും സജ്ജമാക്കാൻ സാധിക്കും.
3500 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡിഫൻഡറിന്റെ ഏറ്റവും വലിയ പ്രത്യേകത റൈഡിന്റെ ഉയരം മാറ്റാൻ സാധിക്കുന്ന ഇലക്ട്രോണിക്ക് എയർ സസ്പെൻഷനാണ്. വാഹനത്തിന്റെ ഉയരം 40 എംഎം വരെ കുറയ്ക്കാനും 70 എംഎം വരെ ഉയർത്താനും എയർ സസ്പെൻഷൻ സഹായിക്കും. ഇന്റലിജന്റ് ഓൾ വീൽ ഡ്രൈവ്, ഹിൽ ഡിസന്റ് കൺട്രോൾ, ഓൾ-ടെറൈൻ പ്രോഗ്രസ് കൺട്രോൾ എന്നിവയും ഡിഫൻഡറിൽ ലഭ്യമാണ്.