anert

നെടുങ്കണ്ടം: തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഇൻവെർട്ടർ രാമക്കൽമെട്ട് ആമപ്പാറയിലെ അനർട്ടിന്റെ അക്ഷയ ഹൈബ്രിഡ് സൗരോർജ വൈദ്യുത നിലയത്തിൽ സജ്ജമായി. 500 കിലോവാട്ട് ശേഷിയുള്ള രണ്ട് ഇൻവെർട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. അനർട്ടിനുവേണ്ടി സി-ഡാക്കാണ് ഇൻവെർട്ടറുകൾ തദ്ദേശീയമായി നിർമിച്ച് നൽകിയത്.

രാജ്യത്ത് നിർമിക്കുന്ന ഇൻവെർട്ടറുകളിൽ ഏറ്റവും ശേഷി കൂടിയത് അഞ്ച് കിലോവാട്ടിന്റേതാണ്. അതിനാൽ വിവിധ വൈദ്യുത പദ്ധതികൾക്കാായി മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആമപ്പാറയിൽ സൗരോർജ വൈദ്യുത നിലയം സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയപ്പോൾ തന്നെ സ്വന്തമായി ഇൻവെർട്ടർ നിർമ്മിക്കുക എന്ന ആശയംഅനർട്ട് മുന്നോട്ടുവെച്ചിരുന്നു.

തദ്ദേശീയമായി നിർമിക്കുന്ന ഏറ്റവും വലിയ ഗ്രിഡ് റ്റൈഡ് ഇൻവർട്ടർ ആണ് അമപ്പാറയിലേതെന്ന് അനർട്ട് സ്‌റ്റേറ്റ് അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ പി.ജയചന്ദ്രൻ നായർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെയാണ് നിലയത്തിൽ ഇൻവേർട്ടർ സംവിധാനം സ്ഥാപിച്ചത്. ഇതിന്റെ ട്രയൽ റൺ നടന്നുവരികയാണ്. നിലയം പൂർണ സജ്ജമായതോടെ ഔദ്യോഗിക ഉദ്ഘാടനം ഒരുമാസത്തിനകം ഉണ്ടാവുമെന്നും അനർട്ട് അധികൃതർ അറിയിച്ചു.

16 കോടി ചിലവഴിച്ച് സൗരോർജത്തിൽനിന്നും കാറ്റിൽ നിന്നും ഒരേ സമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിൽ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി പ്രദേശത്ത് കാറ്റാടികൾകൂടി സ്ഥാപിച്ച് പദ്ധതി മൂന്ന് മെഗാവാട്ടായി ഉയർത്തും. എന്നാൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് വിതരണം ചെയ്യാൻ കെ.എസ്.ഇ.ബി.യുടെ നെടുങ്കണ്ടത്തെ സബ്‌സ്റ്റേഷനിൽ സംവിധാനമില്ല. അതിനാൽ അണക്കരമെട്ട് മലനിരയിൽ പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി കെ.എസ്.ഇ.ബി.യുടെ പരിഗണനയിലാണ്. ഇത് പൂർത്തിയായാൽ മാത്രമേ ആമപ്പാറയിലെ പദ്ധതി പൂർണമാവുകയൂള്ളൂ. ആമപ്പാറയിൽ അനർട്ടിന്റെ ഉടമസ്ഥതയിൽ 147 ഹെക്ടർ ഭൂമിയാണ് ഉള്ളത്.

വർഷം മുഴുവൻ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യ പ്രകാശം ശക്തമായി ലഭിയ്ക്കുന്നതുമായ വിശാലമായ പുൽമേടുകളാണിത്. ഇക്കാരണത്താലാണ് ഇവിടെ പദ്ധതി സ്ഥാപിക്കാൻ നടപടി തുടങ്ങിയത്. എന്നാൽ പദ്ധതിയുടെ ആദ്യം ഘട്ടം പൂർത്തിയാക്കാൻ നാലര വർഷത്തോളം കാലതാമസം ഉണ്ടായി. ഇതിനിടെ സമൂഹവിരുദ്ധൻ സോളാർ പാനലുകൾ നശിപ്പിച്ചതും ശക്തമായ കാറ്റിൽ രണ്ട് തവണ സോളാർ പാനലുകൾ പറന്ന് പോയതും പദ്ധതിക്ക് തിരിച്ചടിയായിരുന്നു.