pooja

മഹാരാഷ്ട്ര: വനിതകളുടെ ട്വന്റി-20 ചലഞ്ചിൽ ഹർമ്മൻ പ്രീത് കൗർ നയിച്ച സൂപ്പർ നോവ 49 റൺസിന് സ്മൃതി മന്ദാനയുടെ നേതൃത്വത്തിലിറങ്ങിയ ട്രെയിൽബ്ലേസേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ നോവ 20 ഓവറിൽ 163 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ട്രെയിൽബ്ലാസ്റ്റേഴ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 12 റൺസ് മാത്രം നൽകി 4 വിക്കറ്ര് വീഴ്ത്തിയ പൂജ വർസ്ട്രാക്കറാണ് ട്രെയിൽബ്ലാസ്റ്രേഴ്സിനെ പ്രതിസന്ധിയിലാക്കിയത്. സോഫി എക്ലെസ്റ്റൺ,​ അലാന കിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 34 റൺസെടുത്ത സ്മൃതിയാണ് ട്രെയിൽബ്ലാസ്റ്റേഴ്സിന്റെ ടോപ്സ്കോറർ. ജമൈമ റോഡ്രിഗസ് 24 റൺസെടുത്തു.

നേരത്തേ ഹർമ്മൻ (37)​,​ ഹർലീൻ ഡിയോൾ (19 പന്തിൽ 35)​,​ ദേയാന്ത്ര ഡോട്ടിൻ ( 17 പന്തിൽ 32)​,​ പ്രിയ പൂനിയ (22)​ എന്നിവരാണ് സൂപ്പർനോവയെ മികച്ച സ്കോറിൽ എത്തിച്ചത്. ഹെയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.