
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ഈരാട്ടുപേട്ട സ്വദേശി അൻസാറാണ് പിടിയിലായത്.
ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്നാണ് അൻസാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബും പ്രസിഡന്റ് നവാസ് വണ്ടാനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഐ.പി.സി 153 എ പ്രകാരം, മതസ്പർദ്ധയുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് കുട്ടിയെ പരിപാടിക്ക് എത്തിച്ചവർക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന് അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്‌ച ആലപ്പുഴയിൽ നടന്ന റാലിയിൽ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.