kerala-police-

തിരുവനന്തപുരം: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഭർത്താവിനെ മർദ്ദിച്ച് ഇടതുഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം സ്റ്റേഷനിലെ മുൻ എസ്.ഐ മൃദുൽ കുമാറിനെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വെള്ളടറ സ്റ്റേഷനിലെ സി.ഐയാണ് മൃദുൽ ഇപ്പോൾ.

ആനാവൂർ കോട്ടക്കൽ സ്വദേശിനി വിനീഷിന്റെ പരാതിയിലാണ് ഉത്തരവ്. മാരായമുട്ടം എസ്.ഐ ഗുരുതരമായ അധികാര ദുർവിനിയോഗം കാട്ടിയെന്ന് കമ്മിഷൻ കണ്ടെത്തി. 2020 ജൂലായ് 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നുതന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്ന് മർദ്ദിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് മെഡിക്കൽ രേഖയിലുള്ളത്. വിനീഷ് സർക്കാരുദ്യോഗസ്ഥനാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. വിനീഷിനെ എസ്.ഐ മർദ്ദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മിഷൻ തള്ളി. എസ്.ഐക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. കേസ് ജൂൺ 22 ന് വീണ്ടും പരിഗണിക്കും. നെയ്യാറ്റിൻകര ഡിവൈ.എസ്.പി മർദ്ദനം നിഷേധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് കമ്മിഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചാണ് മർദ്ദനം സ്ഥിരീകരിച്ചത്.