pig

സുൽത്താൻ ബത്തേരി : പൊതുനിരത്തിൽ മൂത്രമൊഴിച്ച യുവാവിനെ കാട്ടുപന്നികൾ കൂട്ടമായെത്തി ഓടിച്ചു. പൊതു സ്ഥലത്ത് തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്ത് ആദ്യമായി പിഴ ചുമത്തിയ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ഇന്നലെ കാലത്ത് 11 മണിയോടെ ചുങ്കം കന്യക ഷോപ്പിന് സമീപമുള്ള റോഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

പൊതുനിരത്തിൽ തുപ്പുകയോ,മലമൂത്ര വിസർജനം നടത്തുകയോ കടലാസ് കഷണങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യുന്നവർക്കതിരെ നടപടി സ്വീകരിക്കുമെന്ന നോട്ടീസ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ നോട്ടീസ് അവഗണിച്ച് ആരും റോഡിൽ മിഠായി കടലാസ്‌പോലും ഇടാറില്ല. അതിനിടെയാണ് ഇന്നലെ പൊതുനിരത്തിൽ യുവാവ് മൂത്രമൊഴിക്കാൻ തുനിഞ്ഞത്.

സാധാരണ ഇത്തരം പ്രവർത്തികൾക്ക് ആരെങ്കിലും തുനിഞ്ഞാൽ ജനങ്ങൾ തന്നെ പറഞ്ഞ് മനസിലാക്കി പിൻതിരിപ്പിക്കാറാണ് പതിവ്. റോഡരുകിലേക്ക് മാറി നിന്ന് മൂത്രമൊഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോഴെക്കും കൂട്ടമായി എത്തിയ പന്നികൾ ഓടിച്ചു. മൂത്രമൊഴിക്കാൻ നിന്ന യുവാവ് ഓടുന്നത് കണ്ടപ്പോൾ സമീപത്തുണ്ടായിരുന്ന ആളുകൾ വിചാരിച്ചത് പൊലീസോ മറ്റോ ഓടിച്ചതായിരിക്കുമെന്നാണ്. പിറകെ പന്നികൂട്ടമുള്ള കാര്യം പിന്നീടാണ് ആളുകൾക്ക് ബോധ്യമായത്. ജനങ്ങൾ ഒച്ചവെച്ചതോടെ പന്നി പിൻതിരിഞ്ഞു.