
മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച രണ്ടാമത്തെ ചിത്രമാണ് ഭീഷ്‌മ പർവ്വം. വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിലെ ഡയലോഗുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഭീഷ്മ പർവ്വത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗ് സൃഷ്ടിച്ച ഓളം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയോട് തന്നെ ഈ ഡയലോഗ് പറയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകർ.
മമ്മൂട്ടി, മഞ്ജു വാര്യര്‍, പി വിജയന്‍ ഐ.പി.എസ് എന്നിവരുള്ള വേദിയിലാണ് ആരാധകർ ചാമ്പിക്കോ എന്ന് പറയാൻ ആവശ്യപ്പെട്ടത്. നിരവധി ആളുകൾ ആവശ്യം ഉന്നയിച്ചെങ്കിലും പുഞ്ചിരിയോടെ മമ്മൂട്ടി അത് നിഷേധിച്ചു. പകരം അടുത്തുണ്ടായിരുന്ന പി വിജയന്‍ ഐ.പി.എസിന് മെെക്ക് കെെമാറി.
മമ്മൂട്ടിയുടെ അടുത്ത് നിന്ന് അദ്ദേഹം ചാമ്പിക്കോ എന്ന് പറയുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാവുകയാണ്. ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മാര്‍ച്ച് മൂന്നിന് റിലീസായ ഭീഷ്‍മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മറ്റൊരു ചിത്രത്തിനായി അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചത്.