
ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹസ്വാമി പ്രതിഷ്‌ഠ ഉഗ്രമൂർത്തിയാണ്. വളരെ ശക്തിയുള്ള പ്രതിഷ്‌ഠയാണിത്. ഭാവം ഉഗ്രമാണ്. പലരും കരുതുന്നത് ക്ഷേത്രത്തിലേത് യോഗനരസിഹം എന്നാണ്. അതിനുകാരണം യോഗബന്ധമുള്ളതുകൊണ്ടാണ്. പക്ഷേ യോഗനരസിംഹമല്ല, ഉഗ്ര നരസിംഹമാണ്.
നരസിംഹ സ്വാമിയുടെയും പൊന്നുപെരുമാളിന്റെയും മുനി പ്രതിഷ്‌ഠയാണ്. നരസിംഹസ്വാമിയുടെ പ്രതിഷ്‌ഠാസമയത്ത് അതിരൗദ്ര ഭാവമായതുകൊണ്ട് പ്രതിഷ്‌ഠിക്കാൻ കഴിഞ്ഞില്ല. അഗ്നി ആളിക്കത്തുകയായിരുന്നു. അതിഭയങ്കരമായ ചൂട്. പിന്നെ എന്തുചെയ്യണം എന്നാലോചിച്ചപ്പോൾ ഒമ്പത് സൂത്രങ്ങൾ സ്ഥാപിക്കണമെന്ന് കണ്ടു. ഇപ്പോഴും ആ സൂത്രങ്ങൾ ക്ഷേത്രത്തിലുണ്ട്.
സൂത്രം സ്ഥാപിച്ചെങ്കിലും രാത്രി 10 മണികഴിഞ്ഞാൽ നരസിംഹ സ്വാമി അലറുന്ന ശബ്‌ദം കേൾക്കുമായിരുന്നത്രേ. ഒപ്പം മണിയടിക്കുന്ന ശബ്‌ദവും കേൾക്കാറുണ്ട്. ഇക്കാര്യം മതിലകം രേഖകളിലും പറയുന്നുണ്ട്. ആദ്യകാലത്തൊക്കെ തിരുമേനിക്കാവൽക്കുറുമ്പന്മാർ നാലമ്പലത്തിനകത്ത് സദാസമയവും ഉണ്ടാകുമായിരുന്നു. 1800കളിലാണ് നരസിംഹ സ്വാമി അലറുന്ന ശബ്‌ദം ആദ്യമായി കുറുമ്പന്മാർ കേട്ടത്. അതിഭയങ്കര ശബ്ദത്താൽ ഭയന്ന ഇവർ പിന്നെ നരസിംഹ സ്വാമിയുടെ അടുത്തേക്ക് പോകാറില്ല. മറുവശത്ത് ഇരിക്കുകയേയുള്ളൂ. ഒരുവലിയ രൂപം നടനിറഞ്ഞു നിൽക്കുന്നതായി പലരും കണ്ടിട്ടുണ്ട്. 2014 ഏപ്രിൽ 24ന് ശേഷം ആരും രൂപം കാണുകയോ ശബ്‌ദം കേൾക്കുകയോ ചെയ‌്തിട്ടില്ല. അന്നാണ് ക്ഷേത്രഭരണം കൊട്ടാരത്തിനെ താൽക്കാലികമായി ഒഴിവാക്കി കൊണ്ട് കമ്മിറ്റിയിലേക്ക് മാറ്റിയ സുപ്രീം കോടതി വിധിവരുന്നത്.