rahul-sonia-priyanka

ന്യൂഡൽഹി: 2024 ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരു രാഷ്ട്രീയകാര്യ സമിതിയും ഒരു ദൗത്യ സേനയും (ടാസ്ക് ഫോഴ്സ്) രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. സംഘടനാ പരിഷ്കരണം ആവശ്യപ്പെട്ട് പാർട്ടിയോട് മുഖം തിരിച്ചുനിൽക്കുന്ന ജി 23 നേതാക്കളും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായി എത്തുന്നുണ്ടെങ്കിലും പേരിനു മാത്രമേ അവരുടെ സാന്നിദ്ധ്യമുള്ളു.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ്‌വിജയ് സിംഗ്, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരും ജി 23 നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും അടങ്ങുന്നതാണ് രാഷ്ട്രീയ കാര്യ ഗ്രൂപ്പ്.

പി ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സുർജേവാല, സുനിൽ കനുഗോലു എന്നിവരുൾപ്പടെ എട്ട് അംഗങ്ങളാണ് ദൗത്യസേനയിലുള്ളത്.

സംഘാടനം, വാർത്താവിനിമയം, മാദ്ധ്യമ വിഭാഗം, സാമ്പത്തികം, ഇലക്ഷൻ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ഒരോ ചുമതലയാണ് ദൗത്യസേനയിലെ ഓരോ അംഗത്തിനുമായി ലഭിക്കുക.

ഇത് കൂടാതെ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനായി ഒമ്പതംഗ സംഘത്തെയും പാർട്ടി രൂപീകരിച്ചിട്ടുണ്ട്. ദിഗ്‌വിജയ സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രവ്‌നീത് സിംഗ് ബിട്ടു, കെജെ ജോർജ്ജ്, ജോതിമണി, പ്രദ്യുത് ബോർഡോയ്, ജിതു പട്‌വാരി, സലീം അഹമ്മദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്.