vijay-babu

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു തിരികെയെത്താൻ ഒരുങ്ങുന്നു. ഈ മാസം 30ന് വിജയ് ബാബു നാട്ടിലെത്തുമെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

ജോർജിയയിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസം ദുബായിൽ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാൾ നാട്ടിലേക്ക് മടങ്ങുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 19 ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. എന്നാല്‍ ആ ശ്രമം കോടതിയുടെ ഇടപെടൽ മൂലം നടന്നില്ല.

ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.