
ചണ്ഡിഗർ : അഴിമതി വിരുദ്ധ പോരാട്ടം വെറും വാക്കല്ലെന്ന് ആവർത്തിച്ച് തെളിയിച്ച ആം ആദ്മി പാർട്ടി,
പഞ്ചാബിൽ തങ്ങളുടെ സർക്കാരിലെ ആരോഗ്യമന്ത്രി ഡോ. വിജയ് സിംഗ്ലയെ അഴിമതിക്ക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അറസ്റ്റുചെയ്യിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.
സിംഗ്ലയെ മൊഹാലി കോടതി 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ് രാജ്യത്തിനാകെ മാതൃകയായ നാടകീയ സംഭവങ്ങൾ.
പഞ്ചാബ് ആരോഗ്യവകുപ്പിനായി ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനുള്ള ടെൻഡറുകൾ പാസാക്കാൻ ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതാണ് സിംഗ്ലെയെ കുരുക്കിയത്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഓപ്പറേഷനിൽ സിംഗ്ലെയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തി. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഉടൻ പഞ്ചാബ് പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം സിംഗ്ലയെ അറസ്റ്റ് ചെയ്‌തു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ 2015ൽ ഭക്ഷ്യ മന്ത്രി അസിം അഹമ്മദിനെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരുന്നു. ബിൽഡറിൽ നിന്ന് ആറ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ശബ്ദരേഖ പുറത്തായതിനെ തുടർന്നായിരുന്നു നടപടി.
മുഖ്യമന്ത്രിയുടെ
ഓപ്പറേഷൻ സിംഗ്ല
ഡോ. വിജയ് സിംഗ്ലയുടെ അഴിമതിയെപ്പറ്റി സർക്കാരുദ്യോഗസ്ഥനാണ് പത്തു ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടത്. ആരെയും പേടിക്കേണ്ടെന്നും ഒപ്പം താനുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മന്ത്രിയെ കുടുക്കാൻ ആ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓപ്പറേഷൻ ആസൂത്രണം ചെയ്‌തു. മന്ത്രിയുടെയും അടുപ്പക്കാരുടെയും ഫോൺ വിളികൾ റെക്കോഡ് ചെയ്‌തു. മന്ത്രി ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് സ്ഥിരീകരിച്ചു. തുടർന്നാണ് മന്ത്രിയെ പുറത്താക്കിയതും കേസെടുക്കാൻ നിർദ്ദേശിച്ചതും. മൻസ മണ്ഡലത്തിലെ എം.എൽ.എയായ വിജയ് സിംഗ്ല (52) ദന്ത ഡോക്ടറാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ 99,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
''അഴിമതി ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത കേജ്‌രിവാളിന്റെ ഭടന്മാരാണ് നമ്മൾ. ഒരു രൂപയുടെ പോലും അഴിമതി വച്ചുപൊറുപ്പിക്കില്ല. വിവരം ഒളിപ്പിക്കാമായിരുന്നു. പക്ഷേ അതു ജനങ്ങളെ വഞ്ചിക്കലാകും.
- മുഖ്യമന്ത്രി ഭഗവന്ത് മാൻ
''ഭഗവന്ത്, താങ്കളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു. താങ്കളുടെ നടപടി എന്റെ കണ്ണ് നിറച്ചു. രാജ്യമാകെ ആം ആദ്മി പാർട്ടിയുടെ പേരിൽ അഭിമാനിക്കുന്നു''
-- അരവിന്ദ് കേജ്‌രിവാൾ