
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ അൻസാറിന്റെ തോളിലിരുന്നാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം നടന്നിരുന്നു.
അഭിഭാഷക പരിഷത്ത് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം കുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു.
റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ് 'അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലൻമാർ വരുന്നുണ്ട്' എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ കുട്ടി മുഴക്കിയത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അതിനിടയിലാണ് മുദ്രാവാക്യംവിളി ഉണ്ടായത്.