jos-buttler

കൊൽക്കത്ത: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്‌ലർ (56 പന്തിൽ 89), ക്യാപ്ടൻ സഞ്ജു സാംസൺ (26 പന്തിൽ 47), ദേവ്ദത്ത് പടിക്കൽ (20 പന്തിൽ 28) എന്നിവരുടെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.

Eden Gardens was treated to a Jos classic tonight. 💗

Coming up: 20 overs of full force. 🔥

— Rajasthan Royals (@rajasthanroyals) May 24, 2022

തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റ് നഷ്ടമായ റോയൽസിനെ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കരകയറ്റിയത്. ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ സഞ്ജു മത്സരത്തിൽ അ‌ഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് 47 റൺസെടുത്തത്. സഞ്ജു പുറത്തായതിന് ശേഷം എത്തിയ ദേവ്ദത്തും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

എന്നാൽ ഇരുവരും തകർത്തടിച്ചപ്പോൾ അതു വരെ നിശബ്ദനായി നിന്ന ബട്ട്‌ലറായിരുന്നു രാജസ്ഥാന്റെ ഇന്നത്തെ താരം. ഭാഗ്യത്തിന്റെ വലിയ അകമ്പടിയോടു കൂടിയായിരുന്നു ബട്ട്‌ലറിന്റെ ബാറ്രിംഗ്. മൂന്ന് തവണയാണ് ബട്ട്‌ലറിന്റെ ക്യാച്ച് ഗുജറാത്ത് താരങ്ങൾ വിട്ടുകളഞ്ഞത്. ആദ്യം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ, പിന്നീട് മുഹമ്മദ് ഷമി, അതിനു ശേഷം റാഷിദ് ഖാൻ എന്നിവർ ബട്ട്‌ലറിനെ പുറത്താക്കാനുള്ള അവസരങ്ങൾ പാഴാക്കി. അതിനു പുറമേ നിരവധി ബൗണ്ടറികൾ ഗുജറാത്ത് ഫീൽഡർമാർ വരുത്തിയ പിഴവുകൾ കാരണം ബട്ട്‌ലറിന് സ്വന്തമായിരുന്നു.

ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, യഷ് ദയാൽ, സായി കിഷോർ, ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത റാഷിദ് ഖാന്റെ പ്രകടനവും വേറിട്ടു നിന്നു.