
ഐ.പി.എൽ: ഗുജറാത്ത് ഫൈനലിൽ,
രാജസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ചു,
ഡേവിഡ് മില്ലർ വിജയശില്പി.
കൊൽക്കത്ത: കളിക്കാനിറങ്ങിയ കന്നി സീസണിൽ തന്നെ ഐ.പി.എല്ലിന്റെ ഫൈനലിൽ എത്തി ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് കീഴടക്കിയാണ് ഗുജറാത്ത് അഹമ്മദാബാദിലെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി.മറുപടിക്കിറങ്ങിയ ഗുജറാത്ത് ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ഫിനിഷിംഗിന്റെ പിൻബലത്തിൽ മൂന്ന് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (191/3). അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 16 റൺസാണ് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആ ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തി മില്ലർ ഗുജറാത്തിന് ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. 38 പന്തിൽ 5 സിക്സും 3 ഫോറും ഉൾപ്പെടെ പുറത്താകാതെ മില്ലർ നേടിയത് 68 റൺസാണ്. 27 പന്തിൽ 5 ഫോറുൾപ്പെടെ 40 റൺസ് നേടിയ ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യ മില്ലർക്കൊപ്പം പുറത്താകാതെ നിന്നു. ഇരുവരും നാലാം വിക്കറ്റിൽ 61 നേടിയ പന്തിൽ 106 റൺസാണ് ഗുജറാത്തിന്റെ വിജയമുറപ്പിച്ചത്. ശുഭ്മാൻ ഗിൽ (35), മാത്യു വേഡ് (35) എന്നിവരും തിളങ്ങി.
നേരത്തേ നങ്കൂരമിട്ട ശേഷം അവസാനം അടിച്ചു തകർത്ത ജോസ് ബട്ട്ലറാണ് (56 പന്തിൽ 89) രാജസ്ഥാൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ക്യാപ്ടൻ സഞ്ജു സാംസൺ 26 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 47 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ദേവ്ദത്ത് പടിക്കലും (20 പന്തിൽ 28) രാജസ്ഥാന് ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ഫോമിലുള്ള യശ്വസി ജയ്സ്വാളിനെ (3) രണ്ടാമത്തെ ഓവറിലെ അവസാന പന്തിൽ കീപ്പർ സാഹയുടെ കൈയിൽ എത്തിച്ച് യഷ് ദയാൽ ഗുജറാത്തിന് ബ്രേക്ക് ത്രൂനൽകി. എന്നാൽ പകരമെത്തിയ സഞ്ജു ബട്ട്ലർക്കൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ രാജസ്ഥാന്റെ സ്കോർ ബോർഡ് ചലിച്ചു. ബട്ട്ലർ ഒരറ്റം കാത്തപ്പോൾ മറുവശത്ത് സഞ്ജു നേരിട്ട ആദ്യ പന്ത് തന്നെ സിക്സടിച്ച് കത്തിക്കയറി. ടീം സ്കോർ 79ൽ വച്ച് സായി കിഷോറിന്റെ പന്തിൽ അൽസാരി ജോസഫ് പിടിച്ച് സഞ്ജു പുറത്തായി. പകരമെത്തിയ പടിക്കലും ബട്ട്ലറും ചേർന്ന് രാജസ്ഥാനെ 100 കടത്തി. 116ൽ വച്ച് പടിക്കലിനെ ഗുജറാത്ത് ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യ ബൗൾഡാക്കി. പിന്നീടാണ് ബട്ട്ലർ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റിയത്. 12 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ബട്ട്ലറുടെ ഇന്നിംഗ്സ്. അതേസമയം വമ്പനടിക്കാരായ ഹെറ്റ്മേയറും (4), റിയാൻ പരാഗും ( 4) നിരാശപ്പെടുത്തി.
ഗുജറാത്തിനായി ഷമി, ദയാൽ,സായി, ഹാർദ്ദിക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തോറ്റാൽ പുറത്ത്
ഇന്ന് നടക്കുന്ന എലിമനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയിന്റ്സും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ എത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ഈഡൻ ഗാർഡൻസിലാണ് മത്സരം. മത്സരത്തിൽ തോൽക്കുന്ന ടീം പുറത്താകും.ജയിക്കുന്ന ടീം വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ നേരിടും.