
കൊൽക്കത്ത: എ.എഫ്.സി കപ്പിൽ നിർണായക മത്സരത്തിൽ ഇന്നലെ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സിനോട് തോറ്റ ഗോകുലം കേരള എഫ്.സി ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.അതേസമയം ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ മാൽഡീവ്സ് ക്ലബ് മസിയയെ 5-2ന് കീഴടക്കിയ എ.ടി.കെ മോഹൻ ബഗാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്റർ സോൺ സെമി ഫൈനലിന് യോഗ്യത നേടി.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം ബസുന്ധരയോട് തോറ്റത്. ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം തുടരാൻ ഇന്നലെ മലബാറിയൻസിന് കഴിഞ്ഞില്ല. ശക്തമായ ആക്രമണം അഴിച്ചുവിട്ട ബസുന്ധര 22 ഷോട്ടുകളാണ് ഗോകുലത്തിന്റെ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തത്. എന്നാൽ ഗോകുലം കേരളയ്ക്ക് ഒൻപത് ഷോട്ടുകൾ മാത്രമേ തൊടുക്കാനായുള്ളു.
റൊബീഞ്ഞോ, നുഹ മറോങ്ങ് എന്നിവരാണ് ബസുന്ധരയ്ക്കായി ലക്ഷ്യം കണ്ടത്. ജോർദാൻ ഫ്ലച്ചർ ഗോകുലത്തിനായി ഒരുഗോൾ മടക്കി.