ambani-indrajith

മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇന്ദ്രജിത്ത്. യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് താരം. ഹിൽ ഏരിയകളിലൊക്കെ ബെെക്കിൽ സഞ്ചരിക്കാൻ ഇഷ്ടമാണെന്ന് ഇന്ദ്രജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ റേഡിയോയിലെ പരിപാടിയ്ക്കിടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം.

'വീണ്ടും സന്ദർശിക്കാൻ ഇഷ്ടമുള്ള ഇടം ജപ്പാനാണ്. 2017-ൽ ജപ്പാനിൽ കൊയോട്ടോ എന്ന സ്ഥലത്തുവെച്ച് മറക്കാനാവാത്ത ഒരു അനുഭവമുണ്ടായി. ​ഗോൾഡൻ പവലിയൻ എന്നൊരു ഉദ്യാനം അവിടെയുണ്ട്. കൂടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ടാക്‌സിയിലാണ് അങ്ങോട്ടേക്ക് പോയത്. ഗോൾഡൻ പവലിയനടുത്തുള്ള ടാക്‌സി സ്റ്റാൻഡിൽ വാഹനം നിർത്തിയപ്പോൾ ആദ്യം പുറത്തിറങ്ങിയത് ഞാനായിരുന്നു.

ടാക്സി നിർത്തിയതിന്റെ എതിർവശത്തായി ഒരു ട്രാഫിക് സി​ഗ്നലുണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ ഒരാൾ റോഡ് ക്രോസ് ചെയ്‌ത് വരുന്നു. മുകേഷ് അംബാനിയെപ്പോലെയുണ്ടല്ലോ എന്ന് തോന്നി. അടുത്തെത്തിയപ്പോൾ അദ്ദേഹമാണെന്ന് വ്യക്തമായി. ഞാൻ ഇന്ത്യക്കാരനാണെന്ന് തോന്നി അദ്ദേഹം ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങൾ ഫോട്ടോയെടുക്കുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്‌തു. അദ്ദേഹവും ​ഗോൾഡൻ പവലിയൻ കാണാൻ വന്നതായിരുന്നു. നാട്ടിലായിരുന്നെങ്കിൽ ചിലപ്പോൾ കാണാൻ പറ്റില്ലായിരുന്നു. കുടുംബത്തോടൊപ്പമാണ് അദ്ദേഹം എത്തിയത്' - ഇന്ദ്രജിത്ത് പറഞ്ഞു.

അംബാനിയുമൊത്തുള്ള ചിത്രം താരം മുൻപ് തന്റെ സോഷ്യൽ മീ‌ഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നെങ്കിലും അദ്ദേഹവുമൊത്തുള്ള സെൽഫിക്ക് പിന്നിലെ കഥ ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.