
വളരെക്കാലം ഒന്നിച്ച് താമസിച്ച അലക്സും ജെയ്നും ഒടുവിൽ വിവാഹിതരായി. വളരെക്കാലമെന്ന് പറയുമ്പോൾ ഒന്നും രണ്ടും വർഷമല്ല, 60 വർഷം. അതെ കേട്ടത് ശരിയാണ്. സ്കോട്ട്ലൻഡ് സ്വദേശികളായ 91 കാരൻ അലക്സും 89 കാരി ജെയ്നുമാണ് ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
1956 ലാണ് ഈ ദമ്പതികൾ തമ്മിൽ കണ്ടുമുട്ടുന്നത്. അന്ന് അലക്സ് മറ്റൊരു സ്ത്രീയുടെ ഭർത്താവും, ജെയ്ൻ മറ്റൊരാളുടെ ഭാര്യയുമായിരുന്നു. ആറ് വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ചു. എന്നാൽ കല്യാണം കഴിച്ചിരുന്നില്ല.
ആറ് പതിറ്റാണ്ട് അവർ ഒന്നിച്ചുതാമസിച്ചു. അടുത്തിടെയാണ് അവർ വിവാഹിതരാവാൻ തീരുമാനിച്ചത്. അങ്ങനെ മേയ് 21 ന് ടിലിക്കോട്രിയയിലെ പള്ളിയിൽ വച്ച് അവർ വിവാഹിതരായി.
മക്കളടെയും പേരക്കുട്ടികളുടെയും സാന്നിദ്ധ്യത്തിലാണ് അലക്സും ജെയ്നും വിവാഹിതരായത്. ആകെ അഞ്ച് മക്കളും 11 പേരക്കുട്ടികളുമാണുള്ളത് ഇവർക്കുള്ളത്. നവദമ്പതികൾ അടുത്ത മാസം മധുവിധു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.
സ്വന്തം ബിസിനസ് നോക്കി നടത്തുന്ന തിരക്കിലായതിനാലാണ് കല്യാണം ഇത്ര താമസിച്ചതെന്നാണ് അലക്സും ജെയ്നും പറയുന്നത്. വെണ്ണയും ചീസും ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ ഉടമകളാണ് ഇരുവരും.