
ഓൺലൈൻ ഷോപ്പിംഗ് വ്യാപകമാകുന്ന കാലമാണ് ഇപ്പോൾ. കടകളിലെ തിക്കും തിരക്കും ഒഴിവാക്കാനും സമയം ലാഭിക്കാനുമായി ഷോപ്പിംഗ് സെെറ്റുകളെ ആശ്രയിക്കുന്നവർ ഏറെയാണ്.
ഓൺലെെൻ സെെറ്റുകളിൽ സാധനങ്ങൾ വിലക്കുറവിൽ കിട്ടാറുണ്ടെങ്കിലും പലപ്പോഴും ആളുകൾ പറ്റിക്കപ്പെടുന്ന കാഴ്‌ചയും കാണാറുണ്ട്. ഒന്നിലേറെ ഓൺലെെൻ സെെറ്റുകളിൽ നോക്കിയ ശേഷം വിലകൾ തമ്മിൽ താരതമ്യം ചെയ്തശേഷമാണ് ആളുകൾ ഇപ്പോൾ സാധനങ്ങൾ വാങ്ങാറുള്ളത്.

ഇപ്പോഴിതാ പ്രമുഖ ഓൺലെെൻ സെെറ്റായ ആമസോണിൽ ലിസ്റ്റ് ചെയ്‌തിരുന്ന ബക്കറ്റിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഉപഭോക്താക്കൾ. ഒരു ബക്കറ്റ് 25,900 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് വച്ചിരുന്നത്. യഥാർത്ഥ വിലയായി കാണിച്ചിരുന്നത് 35,900 രൂപയായിരുന്നു. മറ്റൊരു ഓൺലെെൻ ഷോപ്പിംഗ് സെെറ്റായ ഫ്ലിപ്പ്കാർട്ടിൽ 200 രൂപയ്ക്കാണ് ഇത്തരം ബക്കറ്റുകൾ വിൽക്കുന്നത്.
25,900 രൂപയുടെ ബക്കറ്റിന്റെ ഈ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ വ്യാപകമായി എത്തിയതോടെ വിശദീകരണവുമായി പല ഉപഭോക്താക്കളും രംഗത്തെത്തി. സാങ്കേതിക തകരാർ മൂലമാകും ഇത്തരത്തിൽ സംഭവിച്ചതെന്ന ചിലർ ചൂണ്ടിക്കാട്ടി. ഇ.എം.ഐയിൽ ബക്കറ്റ് ലഭ്യമായതിൽ സന്തോഷമുണ്ടെന്നാണ് ചിലർ പരിഹസിച്ചത്.

ബക്കറ്റ് സോൾഡ് ഔട്ട് ആയ വിവരവും ആളുകൾ ഓർമിപ്പിച്ചു. സെെറ്റിൽ നിന്ന് പിൻവലിച്ചത് കൊണ്ടാകാം ബക്കറ്റ് ഇപ്പോൾ കാണിക്കാത്തതെന്നും അഭിപ്രായമുയരുന്നു. 200 രൂപയെന്ന നിരക്കിൽ ആമസോണിൽ തന്നെ ബക്കറ്റ് വിൽക്കുന്നതും ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂച്ചിയും അഡിഡാസും ചേർന്ന് പുറത്തിറക്കിയ 'സൺ അംബ്രല്ല' ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. വാട്ടർപ്രൂഫ് അല്ലാത്ത ഈ കുടകൾ 1.27 ലക്ഷം രൂപയ്ക്കായിരുന്നു വിൽപ്പനയ്‌ക്കെത്തിയത്.