spicejet-ransomware

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റിന്റെ സിസ്റ്റങ്ങളിൽ റാൻസംവേർ ആക്രമണം. നിരവധി സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചു. റാൻസംവെയർ ആക്രമണത്തെപ്പറ്റിയുള്ള വാർത്ത സ്പൈസ് ജെറ്റ് തന്നെയാണ് പുറത്തുവിട്ടത്.

ആക്രമണത്തെ തുട‌ർന്ന് നിരവധി വിമാനങ്ങൾ ടേക്ക് ഒഫ് ചെയ്യാനാകാതെ യാത്രക്കാരുമായി വിമാനത്താവളങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരെയാണ് ഈ ആക്രമണം ബാധിച്ചിരിക്കുന്നത്. പിന്നാലെ വിമാനങ്ങൾ വൈകുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധ പോസ്റ്റുകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഒരു സിസ്റ്റത്തെ ഹാക്ക് ചെയ്ത് അതിനുള്ളിലെ പ്രധാനപ്പെട്ട ഡേറ്റകളും ഫയലുകളും എൻക്രിപ്ട് ചെയ്ത് ലോക്ക് ചെയ്യും. അതിന് ശേഷം ആ സിസ്റ്റത്തിന്റെ ഉടമയോട് ഫയലുകൾ തിരികെ ഡീക്രിപ്ട് ചെയ്ത് അൺലോക്ക് ചെയ്യാനുള്ള കീ ലഭിക്കാൻ ഹാക്കർ പണം ആവശ്യപ്പെടും. ഇതിനെയാണ് റാൻസംവെയർ ആക്രമണം എന്ന് പറയുന്നത്. ഈ ആക്രമണത്തിൽ പെടുന്ന സിസ്റ്റത്തിലെ ഫയലുകൾ അത്ര എളുപ്പത്തിൽ ഡീക്രിപ്ട് ചെയ്യാൻ സാധിക്കില്ല അതിനാൽ തന്നെ വളരെ അപകടകരമായ ആക്രമണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് എന്ത് സംഭവിച്ചുവെന്നുള്ള കാര്യത്തെപ്പറ്റി പ്രതികരിക്കാൻ കമ്പനി തയ്യാറായത്. രാവിലെ എട്ടരയോടെയാണ് സ്പൈസ് ജെറ്റിന്റെ ട്വീറ്റ് വന്നത്. ചില സ്പൈസ് ജെറ്റ് സിസ്റ്റങ്ങളിൽ ഇന്നലെ രാത്രി റാൻസംവെയർ ആക്രമണമുണ്ടായി. ഇത് രാവിലെ പുറപ്പെടുന്ന വിമാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും വിമാനങ്ങൾ വൈകുന്നതിനും ഇടയാക്കി. തങ്ങളുടെ ഐ ടി സംഘം പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്‌തു . അതിനാൽ വിമാനങ്ങൾ ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കമ്പനി ട്വിറ്ററിൽ കുറിച്ചത്.

#ImportantUpdate: Certain SpiceJet systems faced an attempted ransomware attack last night that impacted and slowed down morning flight departures today. Our IT team has contained and rectified the situation and flights are operating normally now.

— SpiceJet (@flyspicejet) May 25, 2022

പ്രശ്നം പരിഹരിച്ചു എന്ന് കമ്പനി പറഞ്ഞ ശേഷവും വിമാനങ്ങളുടെ പ്രവർത്തനം സാധാരണഗതിയിലായിട്ടില്ലെന്നാണ് പല യാത്രക്കാരും പറയുന്നത്. ഏകദേശം നാല് മണിക്കൂറായി തങ്ങൾ വിമാനത്തിനുള്ളിൽ തന്നെ തുടരുകയാണെന്ന് പറഞ്ഞുകൊണ്ട് ഒരു യാത്രക്കാരൻ വിമാനത്തിനുള്ളിൽ നിന്നുള്ള ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇത്രയും നേരമായി ആഹാരം പോലും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Operating normally?? We are stuck here since 3 hrs and 45 mins? Neither cancelling nor operating, sitting in the flight not even the airport. No breakfast, no response! pic.twitter.com/dAfdIjzVzH

— Mudit Shejwar (@mudit_shejwar) May 25, 2022

എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നത് എയർ ട്രാഫിക് കണ്ട്രോൾ തടഞ്ഞിരുന്നു. ഇപ്പോഴുണ്ടായതും അത്തരത്തിൽ ഒരു പ്രശ്നമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.