
നെല്ലിയാമ്പതി: പൊതുവിപണിയിൽ കിലോയ്ക്ക് 100 രൂപയുള്ള തക്കാളിക്ക് നെല്ലിയാമ്പതിയിൽ വെറും 30 രൂപ മാത്രം. സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വിളവെടുത്ത തക്കാളിയാണ് കിലോ 30 രൂപയ്ക്ക് വില്പന നടത്തുന്നത്. ഓറഞ്ച് ഫാമിനോട് ചേർന്നുള്ള ഒരേക്കറിലധികമുള്ള സ്ഥലത്താണ് ഇത്തവണ തക്കാളി കൃഷി ഇറക്കിയിട്ടുള്ളത്. കാർഷിക സർവകലാശാലയിൽ നിന്ന് വികസിപ്പിച്ചെടുത്ത അനഘ ഇനത്തിലുള്ള തക്കാളിയാണ് കൃഷിയിറക്കിയിരിക്കുന്നത്.
വിളവെടുപ്പ് തുടങ്ങിയിട്ട് ഒരാഴ്ച്ചയായി. ഇതിനോടകം 250 കിലോയധികം ഫാമിന് മുൻവശത്തെ കൗണ്ടറിലൂടെ വില്പന നടത്തിയെന്ന് കൃഷി ഓഫീസർ പറഞ്ഞു. വില കുറഞ്ഞതോടെ നെല്ലിയാമ്പതി കാണാനെത്തുന്ന സഞ്ചാരികളിഷ ഭൂരിഭാഗവും തക്കാളിവാങ്ങിയേ ചുരം ഇറങ്ങുന്നുള്ളു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ വിളവെടുപ്പും കുറഞ്ഞിട്ടുണ്ട്. നിലവിൽ തമിഴ്നാട്, കർണടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് തക്കാളി വില്പനയ്ക്കായി എത്തുന്നത്. കഴിഞ്ഞമാസം 10 രൂപ ആയിരുന്ന തക്കാളിയാണ് ഇപ്പോൾ 100 രൂപയ്ക്ക് വില്പന നടത്തുന്നത്.