
ഹോങ്കോംഗ്: കുട്ടികൾ കാണിക്കുന്ന കുസൃതികൾ പലപ്പോഴും മാതാപിതാക്കൾക്ക് തലവേദനയുണ്ടാക്കാറുണ്ട്. അത്തരത്തിൽ മകൻ കാണിച്ച ചെറിയൊരു അശ്രദ്ധയ്ക്ക് ഹോങ്കോംഗിലെ ഒരു അച്ഛന് നൽകേണ്ടിവന്നത് 3.30 ലക്ഷ രൂപ.
ഹോങ്കോംഗിലെ ഒരു മാളിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെങ് എന്നയാൾ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം മാളിലെ കെകെ പ്ലസ് എന്ന കടയിലേക്ക് പോയത്. ഷോപ്പിംഗിനിടെ ചെങ്ങിന് ഫോൺ വന്നു. ഫോണിൽ സംസാരിക്കാനായി അദ്ദേഹം പുറത്തുപോയി.
തിരിച്ചെത്തിയപ്പോൾ കാണുന്നത് സ്വർണനിറത്തിലുള്ള 1.8 മീറ്റർ ഉയരമുള്ള പാവ നിലത്തുവീണ് പൊട്ടിക്കിടക്കുന്നതാണ്. ചെങ്ങിന്റെ മൂത്തമകനാണ് കളിപ്പാട്ടം പൊട്ടിച്ചതെന്ന് കടക്കാർ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിൽ നിന്ന് 3,30,168 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. മകൻ തെറ്റുചെയ്‌തെന്ന് കരുതി പണം നൽകി. എന്നാൽ സത്യാവസ്ഥ പിന്നീടാണ് ചെങ്ങിന് മനസിലായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തന്റെ അടുത്തേക്ക് ഒരാൾ വരുന്നതുകണ്ടപ്പോൾ കുട്ടി പിറകോട്ട് നീങ്ങി, പാവയിൽ തട്ടിയപ്പോൾ അത് താഴെ വീണുപൊട്ടുകയായിരുന്നു. കെകെപ്ലസ് ചെങ്ങിനെ കബളിപ്പിച്ചെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. ഇത്രയും വിലയുള്ള കളിപ്പാട്ടം എന്തുകൊണ്ട് സുരക്ഷിതമായി വച്ചില്ലെന്നും ചിലർ ചോദിക്കുന്നു.